അപ്പൊ. പ്രവൃത്തികൾ 7:44-60

അപ്പൊ. പ്രവൃത്തികൾ 7:44-60 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ച്, യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന് ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും. “സ്വർഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവനു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരേ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കൽ വച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:44-60 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ദൈവസാന്നിധ്യത്തിന്റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയിൽ നിർമിച്ചതായിരുന്നു അത്. പിൻതലമുറയിലെ നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പിൽനിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവർ പ്രവേശിച്ചപ്പോൾ ആ സാക്ഷ്യകൂടാരവും അവർ കൊണ്ടുവന്ന് ദാവീദിന്റെ കാലംവരെ സൂക്ഷിച്ചു. ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാൻ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു. പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിർമിച്ചത്. “എന്നാൽ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങൾക്കൊണ്ടു നിർമിക്കുന്ന മന്ദിരങ്ങളിൽ വസിക്കുന്നില്ല. പ്രവാചകൻ പറയുന്നു: ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്? ഇവയെല്ലാം എന്റെ കരം നിർമിച്ചവയല്ലേ?’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. “ദുശ്ശാഠ്യക്കാരേ, ഹൃദയത്തിൽ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിർക്കുന്നു! പ്രവാചകന്മാരിൽ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചവരെ അവർ നിഗ്രഹിക്കുകയത്രേ ചെയ്തത്. നിങ്ങളാകട്ടെ, ഇപ്പോൾ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരിൽകൂടി നിങ്ങൾക്കു ധർമശാസ്ത്രം ലഭിച്ചു. എന്നാൽ നിങ്ങൾ അത് അനുസരിച്ചില്ല.” ഇതു കേട്ടപ്പോൾ സന്നദ്രിംസംഘാംഗങ്ങൾ കോപാക്രാന്തരായി സ്തേഫാനോസിന്റെ നേരെ പല്ലുകടിച്ചു. എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാൻ കാണുന്നു.” ഉടനെ അവർ ഉച്ചത്തിൽ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന് അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികൾ അവരുടെ പുറങ്കുപ്പായം ശൗൽ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്. അവർ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോൾ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാർഥിച്ചു. അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ” എന്ന് അത്യുച്ചത്തിൽ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്റെ വധത്തെ ശൗൽ അനുകൂലിച്ചിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:44-60 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃകപോലെ തന്നെ അതിനെ നിർമ്മിക്കേണം എന്നു അവനോട് കല്പിച്ചിരുന്നു. നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്‍റെ കാലം വരെ അങ്ങനെതന്നെയായിരുന്നു, അവനു ദൈവത്തിന്‍റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്‍റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു. എന്നാൽ ശലോമോൻ അവനു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും ‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്‍റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എന്‍റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്നു കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ. “ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവൻ്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു; അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.” ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്‍റെനേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്‍റെനേരെ പാഞ്ഞുചെന്നു, അവനെ വലിച്ചിഴച്ചും കൊണ്ടു നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വച്ചു. അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു. അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:44-60 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന്നു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:44-60 സമകാലിക മലയാളവിവർത്തനം (MCV)

“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു. ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു. എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്. “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്: “ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ? എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’ “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്. നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു. ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.” ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു. എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു. “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു. അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു. അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു. പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.