നീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന്നു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 7:44-60
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ