നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ച്, യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന് ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും. “സ്വർഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവനു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരേ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കൽ വച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.
അപ്പൊ. പ്രവൃത്തികൾ 7 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 7:44-60
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ