അപ്പൊ. പ്രവൃത്തികൾ 7:17-29
അപ്പൊ. പ്രവൃത്തികൾ 7:17-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. അവൻ നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുത് എന്നുവച്ച് അവരെ പുറത്തിടുവിച്ചു. ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു. അവനു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽമക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നത് കണ്ടിട്ട് അവനു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതനുവേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്നു: പുരുഷന്മാരേ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 7:17-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോൾ ഈജിപ്തിൽ ഇസ്രായേൽജനങ്ങൾ വളരെ വർധിച്ചു. ഒടുവിൽ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തിൽ ഭരണമാരംഭിച്ചു. ആ രാജാവ് കൗശലപൂർവം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കൾ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു.
അപ്പൊ. പ്രവൃത്തികൾ 7:17-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്‍ബ്ബന്ധിച്ചു. “ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്‍റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്‍റെ അപ്പന്‍റെ വീട്ടിൽ പോറ്റിവളർത്തി. പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്‍റെ മകൾ അവനെ എടുത്ത് തന്‍റെ സ്വന്തം മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി. അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു. താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു.
അപ്പൊ. പ്രവൃത്തികൾ 7:17-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു. അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ചു അവരെ പുറത്തിടുവിച്ചു. ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 7:17-29 സമകാലിക മലയാളവിവർത്തനം (MCV)
“അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു. കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’ അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു. “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.