TIRHKOHTE 7:17-29

TIRHKOHTE 7:17-29 MALCLBSI

“ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോൾ ഈജിപ്തിൽ ഇസ്രായേൽജനങ്ങൾ വളരെ വർധിച്ചു. ഒടുവിൽ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തിൽ ഭരണമാരംഭിച്ചു. ആ രാജാവ് കൗശലപൂർവം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കൾ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു.

TIRHKOHTE 7 വായിക്കുക