അപ്പൊ. പ്രവൃത്തികൾ 27:1-12
അപ്പൊ. പ്രവൃത്തികൾ 27:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ കപ്പൽ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനീക്യയിൽനിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. പിറ്റേന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സല്ക്കാരം കൈക്കൊൾവാൻ അനുവദിച്ചു. അവിടെനിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ്ദ്വീപിന്റെ മറപറ്റി ഓടി; കിലിക്യ, പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. അവിടെ ശതാധിപൻ ഇതല്യക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി, കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി. ഇങ്ങനെ വളരെനാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്: പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്ന് ഞാൻ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു. ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 27:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ കപ്പൽ കയറി ഇറ്റലിയിലേക്കു പോകണമെന്നു തീരുമാനിച്ചപ്പോൾ, പൗലൊസിനെയും മറ്റുചില തടവുകാരെയും ഔഗുസ്തൻ സൈന്യദളത്തിലെ ഒരു ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ഏഷ്യാസംസ്ഥാനത്തിന്റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലിൽ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തർഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങൾ സീദോനിൽ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂർവം പെരുമാറുകയും, തന്റെ സുഹൃത്തുക്കളെ സന്ദർശിക്കുവാനും അവരുടെ സൽക്കാരോപചാരങ്ങൾ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു. അവിടെനിന്നു കപ്പൽ നീക്കിയപ്പോൾ കാറ്റു പ്രതികൂലമായിരുന്നതിനാൽ സൈപ്രസ്ദ്വീപിന്റെ മറപറ്റിയാണ് ഞങ്ങൾ പോയത്. കിലിക്യ, പംഫുല്യ കടൽവഴി യാത്ര ചെയ്ത്, ലുക്കിയയിലെ മുറാപട്ടണത്തിൽ ഞങ്ങളെത്തി. അവിടെവച്ച് ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാന്ത്രിയൻ കപ്പൽ കണ്ട്, ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി. പിന്നീട് ഏതാനും ദിവസങ്ങൾ ഞങ്ങൾ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങൾ ക്നീദോസിൽ എത്തി. കാറ്റു പ്രതികൂലമായിരുന്നതിനാൽ ക്രീറ്റുദ്വീപിന്റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേർന്ന് കപ്പൽ ഓടിച്ച് ലസയ്യപട്ടണത്തിന്റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി. വളരെ ദിവസങ്ങൾ അവിടെ താമസിക്കേണ്ടിവന്നു. അപ്പോൾ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പൽയാത്ര വളരെ ആപൽക്കരവും ആയിത്തീർന്നു. അതിനാൽ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു: “സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപൽക്കരമാണെന്നു ഞാൻ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.” ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാൾ അധികം കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്കുകൾ വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാൻ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടർന്നു കഴിയുമെങ്കിൽ ഫീനിക്സിലെത്താൻ ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാൻ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത.
അപ്പൊ. പ്രവൃത്തികൾ 27:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ കപ്പൽ കയറി ഇതല്യയ്ക്ക് പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റ് ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനീക്യയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു. അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്‍റെ മറയുള്ള കുപ്രൊസ് ദ്വീപിൻ്റെ അരികത്തുകൂടി ഓടി; കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. അവിടെ ശതാധിപൻ ഇതല്യയ്ക്ക് പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിൻ്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി, പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിൻ്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി. ഇങ്ങനെ വളരെനാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്: “പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്നു അവർക്ക് മുന്നറിയിപ്പ് നൽകി. ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താൻ്റെയും കപ്പലുടമസ്ഥൻ്റെയും വാക്ക് അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നുകിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 27:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു. അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി; കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി, കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി. ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്: പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു. ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 27:1-12 സമകാലിക മലയാളവിവർത്തനം (MCV)
കടൽമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇറ്റലിയിലേക്കു പോകേണ്ടത് എന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ചക്രവർത്തിയുടെ സേനാവിഭാഗത്തിൽപ്പെട്ട, യൂലിയൊസ് എന്ന ശതാധിപനെ ഏൽപ്പിച്ചു. ഏഷ്യാപ്രവിശ്യയുടെ തീരത്തുള്ള സ്ഥലങ്ങൾക്കു സമീപത്തുകൂടി യാത്രചെയ്യാൻ പുറപ്പെടുന്ന അദ്രമുത്ത്യ തുറമുഖപട്ടണത്തിലെ ഒരു കപ്പലിൽ ഞങ്ങൾ യാത്രയാരംഭിച്ചു. മക്കദോന്യപ്രദേശത്തുള്ള തെസ്സലോനിക്യപട്ടണക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങൾ സീദോനിൽ ഇറങ്ങി: യൂലിയൊസ് പൗലോസിനോടുള്ള ദയനിമിത്തം അദ്ദേഹത്തിനു തന്റെ സ്നേഹിതന്മാരുടെ അടുക്കൽ പോകാനും അവരുടെ സൽക്കാരം സ്വീകരിക്കാനും അനുവാദം നൽകി. അവിടെനിന്ന് ഞങ്ങൾ കപ്പൽയാത്ര തുടർന്നു; കാറ്റു പ്രതികൂലമായിരുന്നതുകൊണ്ട് സൈപ്രസ് ദ്വീപിന്റെ മറപറ്റിയാണ് ഓടിയത്. കടൽമാർഗം കിലിക്യയുടെയും പംഫുല്യയുടെയും തീരത്തോടുചേർന്ന്, യാത്രചെയ്ത് ഞങ്ങൾ ലുക്കിയയിലെ മുറായിൽ എത്തി. അവിടെ ഇറ്റലിയിലേക്കു പോകുന്ന ഒരു അലെക്സന്ത്രിയാക്കപ്പൽ കണ്ടിട്ടു ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി. ഞങ്ങളുടെ യാത്ര പല ദിവസങ്ങൾ തീരെ മന്ദഗതിയിലായിരുന്നു; വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നിദോസ് പട്ടണത്തിനു സമീപത്തെത്തി. മുമ്പോട്ടുപോകാൻ കാറ്റ് അനുവദിക്കാതിരുന്നതുകൊണ്ട് ഞങ്ങൾ സാൽമോനെതിരേയുള്ള ക്രേത്തദ്വീപിന്റെ മറവിലേക്കു കപ്പലോടിച്ചു. തീരത്തോടുചേർന്നു ക്ലേശിച്ചു മുമ്പോട്ടുനീങ്ങി, ലസയ്യ പട്ടണത്തിനടുത്തുള്ള “മനോഹരതുറമുഖം” എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര നാശകരമാകും. അതു കപ്പലിനും ചരക്കിനും നമ്മുടെ ജീവനുപോലും ഭീമമായ നഷ്ടം വരുത്താൻപോകുന്നതായി ഞാൻ കാണുന്നു.” എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്. ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക.