പ്രവൃത്തികൾ 27:1-12

പ്രവൃത്തികൾ 27:1-12 IRVMAL

ഞങ്ങൾ കപ്പൽ കയറി ഇതല്യയ്ക്ക് പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റ് ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനീക്യയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു. അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്‍റെ മറയുള്ള കുപ്രൊസ് ദ്വീപിൻ്റെ അരികത്തുകൂടി ഓടി; കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. അവിടെ ശതാധിപൻ ഇതല്യയ്ക്ക് പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിൻ്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി, പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിൻ്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി. ഇങ്ങനെ വളരെനാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്: “പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്നു അവർക്ക് മുന്നറിയിപ്പ് നൽകി. ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താൻ്റെയും കപ്പലുടമസ്ഥൻ്റെയും വാക്ക് അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നുകിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.