അപ്പോ.പ്രവൃത്തികൾ 27:1-12

അപ്പോ.പ്രവൃത്തികൾ 27:1-12 MCV

കടൽമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇറ്റലിയിലേക്കു പോകേണ്ടത് എന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ചക്രവർത്തിയുടെ സേനാവിഭാഗത്തിൽപ്പെട്ട, യൂലിയൊസ് എന്ന ശതാധിപനെ ഏൽപ്പിച്ചു. ഏഷ്യാപ്രവിശ്യയുടെ തീരത്തുള്ള സ്ഥലങ്ങൾക്കു സമീപത്തുകൂടി യാത്രചെയ്യാൻ പുറപ്പെടുന്ന അദ്രമുത്ത്യ തുറമുഖപട്ടണത്തിലെ ഒരു കപ്പലിൽ ഞങ്ങൾ യാത്രയാരംഭിച്ചു. മക്കദോന്യപ്രദേശത്തുള്ള തെസ്സലോനിക്യപട്ടണക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങൾ സീദോനിൽ ഇറങ്ങി: യൂലിയൊസ് പൗലോസിനോടുള്ള ദയനിമിത്തം അദ്ദേഹത്തിനു തന്റെ സ്നേഹിതന്മാരുടെ അടുക്കൽ പോകാനും അവരുടെ സൽക്കാരം സ്വീകരിക്കാനും അനുവാദം നൽകി. അവിടെനിന്ന് ഞങ്ങൾ കപ്പൽയാത്ര തുടർന്നു; കാറ്റു പ്രതികൂലമായിരുന്നതുകൊണ്ട് സൈപ്രസ് ദ്വീപിന്റെ മറപറ്റിയാണ് ഓടിയത്. കടൽമാർഗം കിലിക്യയുടെയും പംഫുല്യയുടെയും തീരത്തോടുചേർന്ന്, യാത്രചെയ്ത് ഞങ്ങൾ ലുക്കിയയിലെ മുറായിൽ എത്തി. അവിടെ ഇറ്റലിയിലേക്കു പോകുന്ന ഒരു അലെക്സന്ത്രിയാക്കപ്പൽ കണ്ടിട്ടു ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി. ഞങ്ങളുടെ യാത്ര പല ദിവസങ്ങൾ തീരെ മന്ദഗതിയിലായിരുന്നു; വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നിദോസ് പട്ടണത്തിനു സമീപത്തെത്തി. മുമ്പോട്ടുപോകാൻ കാറ്റ് അനുവദിക്കാതിരുന്നതുകൊണ്ട് ഞങ്ങൾ സാൽമോനെതിരേയുള്ള ക്രേത്തദ്വീപിന്റെ മറവിലേക്കു കപ്പലോടിച്ചു. തീരത്തോടുചേർന്നു ക്ലേശിച്ചു മുമ്പോട്ടുനീങ്ങി, ലസയ്യ പട്ടണത്തിനടുത്തുള്ള “മനോഹരതുറമുഖം” എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര നാശകരമാകും. അതു കപ്പലിനും ചരക്കിനും നമ്മുടെ ജീവനുപോലും ഭീമമായ നഷ്ടം വരുത്താൻപോകുന്നതായി ഞാൻ കാണുന്നു.” എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്. ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക.