അപ്പൊ. പ്രവൃത്തികൾ 16:1-10
അപ്പൊ. പ്രവൃത്തികൾ 16:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണയങ്ങൾ പ്രമാണിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്ക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല . അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാൻ ശ്രമിച്ചു.
അപ്പൊ. പ്രവൃത്തികൾ 16:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൗലൊസ് ദർബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യൻ അവിടെയുണ്ടായിരുന്നു. അയാൾ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാൻ പൗലൊസ് ആഗ്രഹിച്ചു. പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോർത്ത് തിമൊഥെയോസിനെ പരിച്ഛേദനകർമത്തിനു വിധേയനാക്കി. അവർ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങൾ അനുസരിക്കണമെന്ന് അറിയിച്ചു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തു. ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാൽ, അവർ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി. അതുവഴി ബിഥുന്യക്കു പോകുവാൻ അവർ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്നു ത്രോവാസിലെത്തി. ആ രാത്രി പൗലൊസിന് ഒരു ദർശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യർഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ദർശനമുണ്ടായപ്പോൾ അവരോടു സുവിശേഷം പ്രസംഗിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിശ്ചയിച്ചു; അതുകൊണ്ടു ഉടൻതന്നെ മാസിഡോണിയയിലേക്കു പോകുവാൻ തയ്യാറായി.
അപ്പൊ. പ്രവൃത്തികൾ 16:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്‍റെ പിതാവ് യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. തിമൊഥെയൊസ് തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്‍റെ പിതാവ് യവനൻ എന്നു ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്, മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്‍റെ ആത്മാവ് അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു.
അപ്പൊ. പ്രവൃത്തികൾ 16:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
അപ്പൊ. പ്രവൃത്തികൾ 16:1-10 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു. അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി. അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു. പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു. മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.