പ്രവൃത്തികൾ 16:1-10

പ്രവൃത്തികൾ 16:1-10 IRVMAL

പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്‍റെ പിതാവ് യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. തിമൊഥെയൊസ് തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്‍റെ പിതാവ് യവനൻ എന്നു ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്, മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്‍റെ ആത്മാവ് അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു.