അപ്പൊ. പ്രവൃത്തികൾ 16:1-10

അപ്പൊ. പ്രവൃത്തികൾ 16:1-10 MALOVBSI

അവൻ ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണയങ്ങൾ പ്രമാണിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്ക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല . അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാൻ ശ്രമിച്ചു.