അപ്പൊ. പ്രവൃത്തികൾ 15:22-41

അപ്പൊ. പ്രവൃത്തികൾ 15:22-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവസഭയും നിർണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു. ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വർജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്ന്; ശുഭമായിരിപ്പിൻ. അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. യൂദായും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു. കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോട്: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു. മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. പൗലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ്ദ്വീപിലേക്കു പോയി. പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു: സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു സുറിയാ, കിലിക്യാദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 15:22-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തങ്ങളുടെ കൂട്ടത്തിൽനിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പൗലൊസിന്റെയും ബർനബാസിന്റെയും കൂടെ അന്ത്യോക്യയിലേക്ക് അയയ്‍ക്കണമെന്ന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും സമസ്തസഭയോടും ചേർന്നു നിശ്ചയിച്ചു. അങ്ങനെ സഹോദരന്മാരുടെ ഇടയിൽ പ്രമുഖരായ ബർനബാസ് എന്ന യൂദാസിനെയും ശീലാസിനെയും അവരോടുകൂടി അയച്ചു. താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു; അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാർക്ക് എഴുതുന്നത്:- ഞങ്ങളുടെ കൂട്ടത്തിൽപെട്ട ചിലർ തങ്ങളുടെ വാക്കുകളാൽ ചിന്താകുഴപ്പം ഉണ്ടാക്കി നിങ്ങളെ അസ്വസ്ഥരാക്കിത്തീർത്തതായി ഞങ്ങൾ കേട്ടു. ഞങ്ങളുടെ നിർദേശപ്രകാരമല്ല അവർ അങ്ങനെ ചെയ്തത്. അതുകൊണ്ട് ഞങ്ങൾ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കർത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അർപ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബർനബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കൽ അയയ്‍ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു. അങ്ങനെ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കയയ്‍ക്കുന്നു. അവർ നേരിട്ട് ഈ സംഗതികൾ നിങ്ങളോടു പറയും. വിഗ്രഹങ്ങൾക്ക് അർപ്പിച്ച വസ്തുക്കൾ, രക്തം, ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവ ഇതുകൾ നിങ്ങൾ വർജിക്കുകയും, അവിഹിതവേഴ്ചയിൽ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യണമെന്നല്ലാതെ, അതിലധികമായ ഭാരം നിങ്ങളുടെമേൽ കെട്ടിയേല്പിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ അനുഷ്ഠിക്കുന്നതായാൽ നിങ്ങൾക്കു നന്ന്. നിങ്ങൾക്കു മംഗളം! അങ്ങനെ അവരെ യാത്രയാക്കി; അവർ അന്ത്യോക്യയിലെത്തി സഭാജനങ്ങളെ വിളിച്ചുകൂട്ടി കത്ത് അവരെ ഏല്പിച്ചു. അവർ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി. പ്രവാചകന്മാർ ആയിരുന്ന യൂദാസും ശീലാസും നിരവധി ഉദ്ബോധനങ്ങളാൽ അവരെ ധൈര്യപ്പെടുത്തി. കുറെനാൾ ആ സഹോദരന്മാർ അവിടെ താമസിച്ചു. പിന്നീട് തങ്ങളെ അയച്ചവരുടെ അടുക്കലേക്ക്, അന്ത്യോക്യയിലെ സഹോദരന്മാർ അവരെ സമാധാനത്തോടെ യാത്രയയച്ചു. എന്നാൽ പൗലൊസും ബർനബാസും അന്ത്യോക്യയിൽതന്നെ പാർത്തു. അവർ മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. കുറേനാൾ കഴിഞ്ഞ് പൗലൊസ് ബർനബാസിനോട്, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങൾ വീണ്ടും സന്ദർശിച്ച് സഹോദരന്മാർ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു. മർക്കോസ് എന്നു പേരുള്ള യോഹന്നാനെക്കൂടി തങ്ങളുടെകൂടെ കൊണ്ടുപോകാൻ ബർനബാസ് ആഗ്രഹിച്ചു. എന്നാൽ പംഫുല്യയിൽവച്ചു വിട്ടുപിരിയുകയും തങ്ങളുടെ പ്രവർത്തനത്തിൽ തുടർന്നു സഹകരിക്കുവാൻ വിസമ്മതിക്കുകയും ചെയ്ത ആളിനെ കൊണ്ടുപോകുന്നതിനെ പൗലൊസ് അനുകൂലിച്ചില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ നിശിതമായ തർക്കം ഉണ്ടായി. അങ്ങനെ അവർ പരസ്പരം പിരിഞ്ഞു; ബർനബാസ് മർക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പൽകയറി. സഹോദരന്മാർ പൗലൊസിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു. അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളിൽ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 15:22-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു. ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ. അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോത്സാഹനം നിമിത്തം സന്തോഷിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ തന്നെ പാർത്തു. അവർ മറ്റു പലരോടുംകൂടി കർത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു. കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്‍റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്നു സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്നു അന്വേഷിക്കുക” എന്നു പറഞ്ഞു. മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി. പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്‍റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.

അപ്പൊ. പ്രവൃത്തികൾ 15:22-41 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു. അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം! ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു. അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ. ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ! അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു. ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു. പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു. കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു. എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു. കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.” മർക്കോസ് എന്നും പേരുള്ള യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു. എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു. അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി, എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി. അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.