അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു. ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ. അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോത്സാഹനം നിമിത്തം സന്തോഷിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ തന്നെ പാർത്തു. അവർ മറ്റു പലരോടുംകൂടി കർത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു. കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്‍റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്നു സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്നു അന്വേഷിക്കുക” എന്നു പറഞ്ഞു. മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി. പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്‍റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.
പ്രവൃത്തികൾ 15 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 15:22-41
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ