അപ്പൊ. പ്രവൃത്തികൾ 15

15
1യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു. 2പൗലൊസിനും ബർന്നബാസിനും അവരോട് അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു. 3സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. 4അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും അവർ അറിയിച്ചു. 5എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.
6ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. 7വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്:
സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. 8ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ 9അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വച്ചിട്ടില്ല. 10ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? 11കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. 13അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്:
സഹോദരന്മാരേ, എന്റെ വാക്കു കേട്ടുകൊൾവിൻ; 14ദൈവം തന്റെ നാമത്തിനായി ജാതികളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. 15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.
16“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിർത്തും; 17മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കർത്താവിനെ അന്വേഷിക്കും എന്ന് ഇത് 18പൂർവകാലംമുതൽ അറിയിക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു”
എന്ന് എഴുതിയിരിക്കുന്നുവല്ലോ. 19ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ 20വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വർജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. 21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവകാലംമുതൽ പട്ടണംതോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
22അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവസഭയും നിർണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു. 23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം. 24ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു 25ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ 26നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു. 27ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. 28വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വർജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. 29ഇവ വർജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്ന്; ശുഭമായിരിപ്പിൻ.
30അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. 31അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. 32യൂദായും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. 33കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു. 34എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.
35കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോട്: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു. 36മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. 37പൗലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു. 38അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ്ദ്വീപിലേക്കു പോയി. 39പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു: സഹോദരന്മാരാൽ കർത്താവിന്റെ 40കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു 41സുറിയാ, കിലിക്യാദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

അപ്പൊ. പ്രവൃത്തികൾ 15: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക