അപ്പൊ. പ്രവൃത്തികൾ 11:19-30
അപ്പൊ. പ്രവൃത്തികൾ 11:19-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു. അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു. അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയിൽവച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. ആ കാലത്തു യെരൂശലേമിൽനിന്നു പ്രവാചകന്മാർ അന്ത്യൊക്യയിലേക്കു വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു. അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കൈയിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
അപ്പൊ. പ്രവൃത്തികൾ 11:19-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്തേഫാനോസ് നിമിത്തമുണ്ടായ പീഡനത്തിൽ ചിതറിപ്പോയവരിൽ ചിലർ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ എത്തിയിരുന്നു. അവർ യെഹൂദന്മാരോടു മാത്രമേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും അന്ത്യോക്യയിലെത്തിയിരുന്ന ചിലർ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം ഗ്രീക്കുകാരെയും അറിയിച്ചു. കർത്താവിന്റെ ശക്തി അവരോടുകൂടി ഉണ്ടായിരുന്നതിനാൽ ഒട്ടേറെ ആളുകൾ വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു. അവരെക്കുറിച്ചുള്ള വാർത്ത യെരൂശലേമിലെ സഭ കേട്ടു; അവർ ബർനബാസിനെ അന്ത്യോക്യയിലേക്കു പറഞ്ഞയച്ചു. ഉത്തമനായ അദ്ദേഹം പരിശുദ്ധാത്മാവിന്റെ പൂർണമായ അധിവാസമുള്ളവനും തികഞ്ഞ വിശ്വാസിയും ആയിരുന്നു. ബർനബാസ് അവിടെയെത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ടു സന്തോഷിച്ചു. സുദൃഢമായ ലക്ഷ്യത്തോടുകൂടി കർത്താവിനോടു ചേർന്നു നിലകൊള്ളുവാൻ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അങ്ങനെ ഒരു വലിയ ജനസഞ്ചയം കർത്താവിനോടു ചേർന്നു. പിന്നീടു ബർനബാസ് ശൗലിനെ അന്വേഷിച്ചു തർസൊസിലേക്കു പോയി; അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അവർ ഇരുവരും ഒരു വർഷം മുഴുവൻ അവിടത്തെ സഭായോഗങ്ങളിൽ പങ്കെടുക്കുകയും ഒരു വലിയ ജനസമൂഹത്തെ പ്രബോധിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിലാണു ക്രിസ്തുശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കുവാൻ തുടങ്ങിയത്. ആയിടയ്‍ക്ക് യെരൂശലേമിൽനിന്നു ചില പ്രവാചകന്മാർ അന്ത്യോക്യയിലെത്തി. അവരിൽ അഗബൊസ് എന്നൊരാൾ ലോകത്തെമ്പാടും ഒരു മഹാക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിന്റെ ശക്തിയാൽ പ്രവചിച്ചു. ക്ലൗദിയൊസ് കൈസറുടെ കാലത്ത് ഈ പ്രവചനം സംഭവിച്ചു. അന്ന് യെഹൂദ്യയിലുണ്ടായിരുന്ന സഹോദരന്മാർക്ക് ശിഷ്യന്മാർ അവരവരുടെ കഴിവനുസരിച്ചുള്ള സംഭാവന അയച്ചുകൊടുക്കുവാൻ നിശ്ചയിച്ചു. അവർ ബർനബാസിന്റെയും ശൗലിന്റെയും കൈയിൽ തങ്ങളുടെ സംഭാവനകൾ സഭയുടെ മുഖ്യന്മാർക്കു കൊടുത്തയച്ചു.
അപ്പൊ. പ്രവൃത്തികൾ 11:19-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവത്താൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം ജനങ്ങൾ വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു. അവൻ ചെന്നു, ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും പൂർണ്ണഹൃദയത്തോടെ കർത്താവിനോട് ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു. ബർന്നബാസ് ശൗലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു വർഷം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു; അങ്ങനെ അന്ത്യൊക്യയിൽവച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേർ ലഭിച്ചു. ആ കാലത്ത് യെരൂശലേമിൽനിന്ന് പ്രവാചകന്മാർ അന്ത്യൊക്യയിലേക്ക് വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൗദ്യൊസിൻ്റെ കാലത്ത് സംഭവിച്ചു. അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ സഹായത്തിനായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ ധനശേഖരം കൊടുത്തയയ്ക്കുവാൻ നിശ്ചയിച്ചു. അവർ അങ്ങനെ ചെയ്തു, ബർന്നബാസിൻ്റെയും ശൗലിന്‍റെയും കയ്യിൽ തങ്ങളുടെ സംഭാവനകൾ മൂപ്പന്മാർക്ക് കൊടുത്തയച്ചു.
അപ്പൊ. പ്രവൃത്തികൾ 11:19-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു. അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. ആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൗദ്യൊസിന്റെ കാലത്തു സംഭവിച്ചു. അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
അപ്പൊ. പ്രവൃത്തികൾ 11:19-30 സമകാലിക മലയാളവിവർത്തനം (MCV)
സ്തെഫാനൊസിന്റെ വധത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ യെഹൂദരോടുമാത്രം സുവിശേഷം അറിയിച്ചുകൊണ്ടു ഫൊയ്നീക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. അവരിൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചിലർ അന്ത്യോക്യയിലെത്തി അവിടെയുള്ള ഗ്രീക്കുഭാഷികളോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു ജനസമൂഹം വിശ്വസിച്ചു കർത്താവിലേക്കു തിരിഞ്ഞു. ഈ വാർത്ത ജെറുശലേമിലെ സഭ കേട്ടു, അവർ ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചു. അദ്ദേഹം അവിടെ എത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ട് ആനന്ദിച്ചു, സമ്പൂർണഹൃദയത്തോടെ കർത്താവിന് വിധേയരായിരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ബർന്നബാസ് പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ ആയിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയകൂട്ടം ആളുകൾ കർത്താവിലേക്ക് ആനയിക്കപ്പെട്ടു. ശൗലിനെ അന്വേഷിക്കാൻ ബർന്നബാസ് തർസൊസിലേക്കു യാത്രയായി. അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബർന്നബാസും ശൗലും ഒരുവർഷം മുഴുവനും സഭായോഗങ്ങളിൽ പങ്കെടുക്കുകയും വളരെ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിൽവെച്ചാണ്. ആ കാലത്ത് ചില പ്രവാചകർ ജെറുശലേമിൽനിന്ന് അന്ത്യോക്യയിൽ വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്. ശിഷ്യന്മാരെല്ലാവരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ താമസിക്കുന്ന സഹോദരങ്ങൾക്കു സഹായം നൽകാൻ തീരുമാനിച്ചു. അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി.