സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു. അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു. അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്‍സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയിൽവച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. ആ കാലത്തു യെരൂശലേമിൽനിന്നു പ്രവാചകന്മാർ അന്ത്യൊക്യയിലേക്കു വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു. അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കൈയിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 11:19-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ