അപ്പോ.പ്രവൃത്തികൾ 11:19-30

അപ്പോ.പ്രവൃത്തികൾ 11:19-30 MCV

സ്തെഫാനൊസിന്റെ വധത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ യെഹൂദരോടുമാത്രം സുവിശേഷം അറിയിച്ചുകൊണ്ടു ഫൊയ്നീക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. അവരിൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചിലർ അന്ത്യോക്യയിലെത്തി അവിടെയുള്ള ഗ്രീക്കുഭാഷികളോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു ജനസമൂഹം വിശ്വസിച്ചു കർത്താവിലേക്കു തിരിഞ്ഞു. ഈ വാർത്ത ജെറുശലേമിലെ സഭ കേട്ടു, അവർ ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചു. അദ്ദേഹം അവിടെ എത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ട് ആനന്ദിച്ചു, സമ്പൂർണഹൃദയത്തോടെ കർത്താവിന് വിധേയരായിരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ബർന്നബാസ് പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ ആയിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയകൂട്ടം ആളുകൾ കർത്താവിലേക്ക് ആനയിക്കപ്പെട്ടു. ശൗലിനെ അന്വേഷിക്കാൻ ബർന്നബാസ് തർസൊസിലേക്കു യാത്രയായി. അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബർന്നബാസും ശൗലും ഒരുവർഷം മുഴുവനും സഭായോഗങ്ങളിൽ പങ്കെടുക്കുകയും വളരെ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിൽവെച്ചാണ്. ആ കാലത്ത് ചില പ്രവാചകർ ജെറുശലേമിൽനിന്ന് അന്ത്യോക്യയിൽ വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്. ശിഷ്യന്മാരെല്ലാവരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ താമസിക്കുന്ന സഹോദരങ്ങൾക്കു സഹായം നൽകാൻ തീരുമാനിച്ചു. അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി.