2 ശമൂവേൽ 8:1-14

2 ശമൂവേൽ 8:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കൈയിൽനിന്നു കരസ്ഥമാക്കി. അവൻ മോവാബ്യരെയും തോല്പിച്ച് അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിനു ദാസന്മാരായി കപ്പം കൊടുത്തുവന്നു. രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു. അവന്റെ വക ആയിരത്തെഴുനൂറ് കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രം വച്ചുംകൊണ്ടു ശേഷം കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു. സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേർന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു. പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിനു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി. ഹദദേസെരിന്റെ ഭൃത്യന്മാർക്ക് ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു. ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് അനവധി താമ്രവും കൊണ്ടുവന്നു. ദാവീദ് ഹദദേസെരിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‍രാജാവായ തോയി കേട്ടപ്പോൾ ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിനു തോയിയോടു കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്ന്, താമ്രം എന്നിവ കൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു. ദാവീദുരാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു. പിന്നെ ദാവീദ് ഉപ്പുതാഴ്‌വരയിൽവച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു. അവൻ എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീർന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക

2 ശമൂവേൽ 8:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരിൽനിന്നു മെഥെഗമ്മാ പിടിച്ചെടുത്തു. അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നിൽ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവർ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു. യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്റെ അധികാരം പുനഃസ്ഥാപിക്കാൻ പോകുമ്പോൾ രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു. അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങൾക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാൽ വെട്ടി മുടന്തുള്ളവയാക്കി. ദമാസ്ക്കസിലെ സിറിയാക്കാർ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാൻ അയച്ച സൈനികരിൽ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു. പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേർന്നു സിറിയായിൽ കാവൽഭടന്മാരെ നിർത്തി. സിറിയാക്കാർ ദാവീദിന്റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സർവേശ്വരൻ അദ്ദേഹത്തിനു വിജയം നല്‌കി. ഹദദേസെറിന്റെ ഭൃത്യന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി. ഹദദേസെർ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളിൽനിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി. ദാവീദ് ഹദദേസെറിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു. ദാവീദ് രാജാവിന്റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്റെ പുത്രനായ യോരാമിനെ ദാവീദിന്റെ അടുക്കൽ അയച്ചു. വെള്ളി, സ്വർണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങൾ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു. അവയെല്ലാം ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴ്പെടുത്തിയ ജനതകളിൽനിന്നും കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെരിൽനിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. ഉപ്പുതാഴ്‌വരയിൽവച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീർത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്. ദാവീദ് എദോമിൽ എല്ലായിടത്തും കാവൽപ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്റെ അടിമകളായി; എല്ലായിടത്തും സർവേശ്വരൻ ദാവീദിനു വിജയം നല്‌കി.

പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക

2 ശമൂവേൽ 8:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ച് കീഴ്പ്പെടുത്തി; ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മെഥെഗ് അമ്മാഹ് പിടിച്ചെടുത്തു. അവൻ മോവാബ്യരെയും തോല്പിച്ചു; തടവുകാരെ മൂന്നായി വിഭാഗിച്ചു, മൂന്നിൽ രണ്ടു ഭാഗത്തെ കൊല്ലുവാനും മൂന്നിലൊരു ഭാഗത്തെ ജീവിക്കുവാനും അനുവദിച്ചു. അങ്ങനെ മോവാബ്യർ ദാവീദിന് ദാസന്മാരായി കപ്പം കൊടുത്തു വന്നു. രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്‍റെ ഭൂപ്രദേശം തിരിച്ചുപിടിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും തോല്പിച്ചു. അവന്‍റെ വക ആയിരം രഥങ്ങളും ആയിരത്തെഴുനൂറു കുതിരപ്പടയാളികളേയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു; രഥക്കുതിരകളിൽ നൂറു എണ്ണം മാത്രം സംരക്ഷിച്ചുകൊണ്ടു ശേഷം എല്ലാ കുതിരകളുടെയും കുതിഞരമ്പ് വെട്ടിക്കളഞ്ഞു. സോബരാജാവായ ഹദദേസെരിനെ സഹായിക്കുവാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരം പേരെ സംഹരിച്ചു. പിന്നെ ദാവീദ് ദമ്മേശെക്കിലെ അരാമിൽ കാവൽസൈന്യത്തെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായിത്തീർന്ന് കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി. ഹദദേസെരിന്‍റെ കാര്യാധികാരികള്‍ ഉണ്ടായിരുന്ന പൊൻപരിചകൾ ദാവീദ് എടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു. ഹദദേസെരിന്‍റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌ രാജാവ് അനവധി താമ്രവും കൊണ്ടുവന്നു. ദാവീദ് ഹദദേസെരിന്‍റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ ദാവീദ്‌ രാജാവിനെ വന്ദനം ചെയ്യുവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിക്കുവാനും തോയി തന്‍റെ മകൻ യോരാമിനെ രാജാവിന്‍റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങൾ കൊണ്ടുവന്നു. ദാവീദ്‌ രാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജനതകളുടെയും പക്കൽനിന്നും രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെരിന്‍റെ കൊള്ളയിൽനിന്നും എടുത്ത വെള്ളിയോടും പൊന്നിനോടുംകൂടി യഹോവയ്ക്ക് സമർപ്പിച്ചു. പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു. ദാവീദ് ഏദോമിലും സൈനീക പാളയത്തെ നിയമിച്ചു; ഏദോമിൽ എല്ലായിടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; ഏദോമ്യരെല്ലാവരും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തെല്ലാം യഹോവ അവന് ജയം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക

2 ശമൂവേൽ 8:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യിൽനിന്നു കരസ്ഥമാക്കി. അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു. രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു. അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു. സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേർന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരംപേരെ സംഹരിച്ചു. പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി. ഹദദേസെരിന്റെ ഭൃത്യന്മാർക്കു ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു. ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവു അനവധി താമ്രവും കൊണ്ടുവന്നു. ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ ദാവീദ്‌ രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു. ദാവീദ്‌ രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു. പിന്നെ ദാവീദ് ഉപ്പുതാഴ്‌വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു. അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക

2 ശമൂവേൽ 8:1-14 സമകാലിക മലയാളവിവർത്തനം (MCV)

കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു മേഥെഗ്-അമ്മാ അദ്ദേഹം പിടിച്ചെടുത്തു. ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു. കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി. അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി. ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി. ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ, ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു. താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു. ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു. അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.

പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക