ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരിൽനിന്നു മെഥെഗമ്മാ പിടിച്ചെടുത്തു. അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നിൽ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവർ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു. യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്റെ അധികാരം പുനഃസ്ഥാപിക്കാൻ പോകുമ്പോൾ രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു. അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങൾക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാൽ വെട്ടി മുടന്തുള്ളവയാക്കി. ദമാസ്ക്കസിലെ സിറിയാക്കാർ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാൻ അയച്ച സൈനികരിൽ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു. പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേർന്നു സിറിയായിൽ കാവൽഭടന്മാരെ നിർത്തി. സിറിയാക്കാർ ദാവീദിന്റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സർവേശ്വരൻ അദ്ദേഹത്തിനു വിജയം നല്‌കി. ഹദദേസെറിന്റെ ഭൃത്യന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി. ഹദദേസെർ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളിൽനിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി. ദാവീദ് ഹദദേസെറിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു. ദാവീദ് രാജാവിന്റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്റെ പുത്രനായ യോരാമിനെ ദാവീദിന്റെ അടുക്കൽ അയച്ചു. വെള്ളി, സ്വർണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങൾ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു. അവയെല്ലാം ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴ്പെടുത്തിയ ജനതകളിൽനിന്നും കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെരിൽനിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. ഉപ്പുതാഴ്‌വരയിൽവച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീർത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്. ദാവീദ് എദോമിൽ എല്ലായിടത്തും കാവൽപ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്റെ അടിമകളായി; എല്ലായിടത്തും സർവേശ്വരൻ ദാവീദിനു വിജയം നല്‌കി.
2 SAMUELA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 8:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ