2 ശമു. 8:1-14
2 ശമു. 8:1-14 IRVMAL
പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ച് കീഴ്പ്പെടുത്തി; ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മെഥെഗ് അമ്മാഹ് പിടിച്ചെടുത്തു. അവൻ മോവാബ്യരെയും തോല്പിച്ചു; തടവുകാരെ മൂന്നായി വിഭാഗിച്ചു, മൂന്നിൽ രണ്ടു ഭാഗത്തെ കൊല്ലുവാനും മൂന്നിലൊരു ഭാഗത്തെ ജീവിക്കുവാനും അനുവദിച്ചു. അങ്ങനെ മോവാബ്യർ ദാവീദിന് ദാസന്മാരായി കപ്പം കൊടുത്തു വന്നു. രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്‍റെ ഭൂപ്രദേശം തിരിച്ചുപിടിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും തോല്പിച്ചു. അവന്‍റെ വക ആയിരം രഥങ്ങളും ആയിരത്തെഴുനൂറു കുതിരപ്പടയാളികളേയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു; രഥക്കുതിരകളിൽ നൂറു എണ്ണം മാത്രം സംരക്ഷിച്ചുകൊണ്ടു ശേഷം എല്ലാ കുതിരകളുടെയും കുതിഞരമ്പ് വെട്ടിക്കളഞ്ഞു. സോബരാജാവായ ഹദദേസെരിനെ സഹായിക്കുവാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരം പേരെ സംഹരിച്ചു. പിന്നെ ദാവീദ് ദമ്മേശെക്കിലെ അരാമിൽ കാവൽസൈന്യത്തെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായിത്തീർന്ന് കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി. ഹദദേസെരിന്‍റെ കാര്യാധികാരികള്‍ ഉണ്ടായിരുന്ന പൊൻപരിചകൾ ദാവീദ് എടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു. ഹദദേസെരിന്‍റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ് രാജാവ് അനവധി താമ്രവും കൊണ്ടുവന്നു. ദാവീദ് ഹദദേസെരിന്‍റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ ദാവീദ് രാജാവിനെ വന്ദനം ചെയ്യുവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിക്കുവാനും തോയി തന്‍റെ മകൻ യോരാമിനെ രാജാവിന്‍റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങൾ കൊണ്ടുവന്നു. ദാവീദ് രാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജനതകളുടെയും പക്കൽനിന്നും രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെരിന്‍റെ കൊള്ളയിൽനിന്നും എടുത്ത വെള്ളിയോടും പൊന്നിനോടുംകൂടി യഹോവയ്ക്ക് സമർപ്പിച്ചു. പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു. ദാവീദ് ഏദോമിലും സൈനീക പാളയത്തെ നിയമിച്ചു; ഏദോമിൽ എല്ലായിടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; ഏദോമ്യരെല്ലാവരും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തെല്ലാം യഹോവ അവന് ജയം നല്കി.

