2 ശമൂവേൽ 2:1-7
2 ശമൂവേൽ 2:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ദാവീദ് യഹോവയോട്: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോട്: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടൂ എന്ന് ദാവീദ് ചോദിച്ചതിന്: ഹെബ്രോനിലേക്ക് എന്ന് അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു. ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു. അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന് അവിടെവച്ചു ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായിട്ട് അഭിഷേകം ചെയ്തു. ഗിലെയാദിലെ യാബേശ്നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് എന്നു ദാവീദിന് അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ്നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയ കാണിച്ച് അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും. ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
2 ശമൂവേൽ 2:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് സർവേശ്വരനോടു ചോദിച്ചു: “യെഹൂദ്യപട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിലേക്കു ഞാൻ പോകണമോ?” “പോകുക” എന്ന് അവിടുന്നു പറഞ്ഞു. “ഏതു പട്ടണത്തിലേക്കാണ് പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചതിനു “ഹെബ്രോനിലേക്ക്” എന്നു അവിടുന്ന് ഉത്തരമരുളി. ദാവീദ് അവിടേക്കു പോയി. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും കൂടെ ഉണ്ടായിരുന്നു; ജെസ്രീൽക്കാരി അഹീനോവാമും കർമ്മേൽക്കാരനായിരുന്ന നാബാലിന്റെ വിധവ അബീഗയിലും. ദാവീദ് തന്റെ അനുയായികളെയും കുടുംബസമേതം കൂട്ടിക്കൊണ്ടുപോയി. അവർ ഹെബ്രോന്റെ ചുറ്റുമുള്ള പട്ടണങ്ങളിൽ പാർത്തു. യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. “യാബേശ്-ഗിലെയാദിലെ ജനങ്ങളാണ് ശൗലിനെ സംസ്കരിച്ചത്” എന്ന് അവർ ദാവീദിനോടു പറഞ്ഞപ്പോൾ അദ്ദേഹം ഈ സന്ദേശവുമായി ദൂതന്മാരെ അവിടേക്കയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതിലൂടെ നിങ്ങൾ അദ്ദേഹത്തോടു കരുണകാണിച്ചു. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ; അവിടുന്നു നിങ്ങളോടു കരുണയും വിശ്വസ്തതയും ഉള്ളവനായിരിക്കട്ടെ; നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ നിങ്ങൾക്കു നന്മ ചെയ്യും. നിങ്ങൾ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
2 ശമൂവേൽ 2:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരത്തിലേക്ക് പോകണമോ?” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകേണം?” എന്നു ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്നു അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദ് യിസ്രയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്‍റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്ക് പോയി. ദാവീദ് തന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ എല്ലാവരേയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ വസിച്ചു. അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു. യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദ് ദേശത്തിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത്” എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ സന്ദേശവുമായി അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കുകകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും. ആകയാൽ ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൗല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവരുടെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറയിച്ചു.
2 ശമൂവേൽ 2:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദ് യിസ്രെയേല്ക്കാരത്തി അഹീനോവം, കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു. ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു. അപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും. ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
2 ശമൂവേൽ 2:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു. “പോകുക,” എന്ന് യഹോവ കൽപ്പിച്ചു. “എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു. “ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി. യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി. തന്റെ അനുയായികളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ഹെബ്രോനിലും അതിന്റെ പട്ടണങ്ങളിലുമായി അവർ താമസമുറപ്പിച്ചു. അപ്പോൾ യെഹൂദാപുരുഷന്മാർ ഹെബ്രോനിലേക്കു വന്നു. അവിടെവെച്ച് അവർ ദാവീദിനെ യെഹൂദാഗോത്രത്തിനു രാജാവായി അഭിഷേകംചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളാണു ശൗലിനെ സംസ്കരിച്ചതെന്ന് ദാവീദിന് അറിവുകിട്ടി. അപ്പോൾ അദ്ദേഹം അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഈ വിധം പറയിച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതുവഴി അദ്ദേഹത്തോടു നിങ്ങൾ കാരുണ്യം കാട്ടിയതിനാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ! നിങ്ങൾ ഈ വിധം പ്രവർത്തിച്ചതുകൊണ്ട് ഞാനും നിങ്ങളോടു ദയയും വിശ്വസ്തതയും പുലർത്തും. നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.”