2 ശമുവേൽ 2:1-7
2 ശമുവേൽ 2:1-7 MCV
ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു. “പോകുക,” എന്ന് യഹോവ കൽപ്പിച്ചു. “എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു. “ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി. യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി. തന്റെ അനുയായികളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ഹെബ്രോനിലും അതിന്റെ പട്ടണങ്ങളിലുമായി അവർ താമസമുറപ്പിച്ചു. അപ്പോൾ യെഹൂദാപുരുഷന്മാർ ഹെബ്രോനിലേക്കു വന്നു. അവിടെവെച്ച് അവർ ദാവീദിനെ യെഹൂദാഗോത്രത്തിനു രാജാവായി അഭിഷേകംചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളാണു ശൗലിനെ സംസ്കരിച്ചതെന്ന് ദാവീദിന് അറിവുകിട്ടി. അപ്പോൾ അദ്ദേഹം അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഈ വിധം പറയിച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതുവഴി അദ്ദേഹത്തോടു നിങ്ങൾ കാരുണ്യം കാട്ടിയതിനാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ! നിങ്ങൾ ഈ വിധം പ്രവർത്തിച്ചതുകൊണ്ട് ഞാനും നിങ്ങളോടു ദയയും വിശ്വസ്തതയും പുലർത്തും. നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.”

