2 ശമു. 2:1-7

2 ശമു. 2:1-7 IRVMAL

പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരത്തിലേക്ക് പോകണമോ?” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകേണം?” എന്നു ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്നു അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദ് യിസ്രയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്‍റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്ക് പോയി. ദാവീദ് തന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ എല്ലാവരേയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ വസിച്ചു. അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു. യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദ് ദേശത്തിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത്” എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ സന്ദേശവുമായി അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കുകകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും. ആകയാൽ ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൗല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവരുടെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറയിച്ചു.