2 രാജാക്കന്മാർ 7:3-8

2 രാജാക്കന്മാർ 7:3-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്? പട്ടണത്തിൽ ചെല്ലുക എന്നു വന്നാൽ പട്ടണത്തിൽ ക്ഷാമമായിരിക്കകൊണ്ടു നാം അവിടെവച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ട് അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാൺമാനില്ല. കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരേ വരേണ്ടതിനു യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയി. ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്ത് എത്തി ഒരു കൂടാരത്തിനകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിനകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.

2 രാജാക്കന്മാർ 7:3-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാലു കുഷ്ഠരോഗികൾ ശമര്യയുടെ പടിവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. അവർ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്? പട്ടണത്തിൽ പ്രവേശിച്ചാൽ അവിടെ ക്ഷാമംകൊണ്ടു മരിക്കും; നാം ഇവിടെ ഇരുന്നാലും മരിക്കും. അതുകൊണ്ട് നമുക്ക് സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവർ നമ്മെ ജീവനോടെ ശേഷിപ്പിച്ചാൽ നാം ജീവിച്ചിരിക്കും; അതല്ല അവർ കൊല്ലുന്നെങ്കിൽ നാം മരിക്കട്ടെ.” അങ്ങനെ അവർ സന്ധ്യയായപ്പോൾ സിറിയാക്കാരുടെ പാളയത്തിലേക്ക് പുറപ്പെട്ടു; അവർ പാളയത്തിന്റെ അടുത്തെത്തി; അവിടെ ആരും ഉണ്ടായിരുന്നില്ല. കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സർവേശ്വരൻ സിറിയൻസൈന്യത്തെ കേൾപ്പിച്ചു. “നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവർ അന്യോന്യം പറഞ്ഞു. അതിനാൽ അവർ സന്ധ്യയായപ്പോൾ എഴുന്നേറ്റ് ഓടിപ്പോയി. തങ്ങളുടെ കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ ഉപേക്ഷിച്ചിട്ടായിരുന്നു അവർ ജീവനുംകൊണ്ട് ഓടിപ്പോയത്. കുഷ്ഠരോഗികൾ പാളയത്തിൽ എത്തി ഒരു കൂടാരത്തിൽ കടന്ന് ഭക്ഷണപാനീയങ്ങൾ കഴിച്ചു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു. പിന്നീട് മറ്റൊരു കൂടാരത്തിൽ കടന്ന് അവിടെ ഉണ്ടായിരുന്ന സാധനങ്ങളും എടുത്ത് ഒളിച്ചുവച്ചു. പിന്നീട് വേറൊരു കൂടാരത്തിൽ കടന്ന് അവിടെയും അങ്ങനെതന്നെ ചെയ്തു.

2 രാജാക്കന്മാർ 7:3-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അന്നു കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽതമ്മിൽ: “നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്? പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരിക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്നു പറഞ്ഞു. അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്‍റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽതമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽ രാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീം രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വിളിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവർ സന്ധ്യാസമയത്തു തന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ചു ജീവരക്ഷക്കായി ഓടിപ്പോയിരുന്നു. ആ കുഷ്ഠരോഗികൾ പാളയത്തിന്‍റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.

2 രാജാക്കന്മാർ 7:3-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു? പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല. കർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി. ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവെച്ചു.

2 രാജാക്കന്മാർ 7:3-8 സമകാലിക മലയാളവിവർത്തനം (MCV)

അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു? ‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.” സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി. ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു.