2 രാജാ. 7:3-8

2 രാജാ. 7:3-8 IRVMAL

അന്നു കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽതമ്മിൽ: “നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്? പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരിക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്നു പറഞ്ഞു. അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്‍റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽതമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽ രാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീം രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വിളിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവർ സന്ധ്യാസമയത്തു തന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ചു ജീവരക്ഷക്കായി ഓടിപ്പോയിരുന്നു. ആ കുഷ്ഠരോഗികൾ പാളയത്തിന്‍റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.