2 രാജാക്കന്മാർ 7:3-8

2 രാജാക്കന്മാർ 7:3-8 MCV

അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു? ‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.” സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി. ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു.