2 രാജാക്കന്മാർ 22:1-8

2 രാജാക്കന്മാർ 22:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെദീദാ എന്നു പേർ; അവൾ ബൊസ്ക്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു. അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു. യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു പറഞ്ഞതെന്തെന്നാൽ: നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ. അവർ അത് യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിനും കൊടുക്കട്ടെ. എന്നാൽ ദ്രവ്യം കൈയേറ്റു വാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നത്. മഹാപുരോഹിതനായ ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു; അവൻ അതു വായിച്ചു.

2 രാജാക്കന്മാർ 22:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോശീയാ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. ബൊസ്കത്തുകാരൻ അദായായുടെ മകൾ യെദീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. സർവേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂർവപിതാവായ ദാവീദിന്റെ പാതയിൽനിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല. തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാരാജാവ് മെശുല്ലാമിന്റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: “വാതിൽ കാവല്‌ക്കാർ ജനത്തിൽനിന്നു ശേഖരിച്ച പണത്തിന്റെ കണക്കു നോക്കാൻ മഹാപുരോഹിതനായ ഹില്‌ക്കീയായോട് ആവശ്യപ്പെടുക. അയാൾ അത് ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്ന മേൽവിചാരകരുടെ കൈയിൽ ഏല്പിക്കണം. അവർ അതു സർവേശ്വരന്റെ ആലയത്തിൽ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്മാർ, ശില്പികൾ, കല്പണിക്കാർ എന്നിവർക്ക് കൊടുക്കുന്നതിനും പണിക്കാവശ്യമായ മരവും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനുമായി വിനിയോഗിക്കണം. പണിയുടെ ചുമതല വഹിക്കുന്നവർ വിശ്വസ്തരായതുകൊണ്ട് അവരോട് കണക്കു ചോദിക്കേണ്ടാ.” നിയമപുസ്‍തകം സർവേശ്വരമന്ദിരത്തിൽനിന്നും കണ്ടുകിട്ടിയ വിവരം ഹില്‌ക്കീയാ മഹാപുരോഹിതന്റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്‌ക്കീയാ ആ പുസ്‍തകം ശാഫാന്റെ കൈയിൽ കൊടുത്തു. അയാൾ അതു വാങ്ങി വായിച്ചു.

2 രാജാക്കന്മാർ 22:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെദീദാ എന്നു പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്‍റെ മകൾ ആയിരുന്നു. അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. യോശീയാ രാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്: “നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽക്കാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്‍റെ കണക്ക് അവൻ നോക്കട്ടെ. അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർക്കേണ്ടതിന് അതിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ. എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്‍റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്.” മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്‍റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു.

2 രാജാക്കന്മാർ 22:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു. അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു. യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ: നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ. അവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ. എന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നതു. മഹാപുരോഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.

2 രാജാക്കന്മാർ 22:1-8 സമകാലിക മലയാളവിവർത്തനം (MCV)

രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യെദീദാ എന്നായിരുന്നു. അവൾ ബൊസ്കത്തുകാരനായ അദായാവിന്റെ മകൾ ആയിരുന്നു. യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ സകലവഴികളിലും ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല. തന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം യോശിയാരാജാവ് മെശുല്ലാമിന്റെ പൗത്രനായ അസല്യാവിന്റെ മകനും ലേഖകനുമായ ശാഫാനെ യഹോവയുടെ ആലയത്തിലേക്കയച്ചു. അദ്ദേഹം അയാളോടു കൽപ്പിച്ചു: “മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തേക്കു ചെല്ലുക. യഹോവയുടെ ആലയത്തിലേക്കു വന്നതും വാതിൽകാവൽക്കാർ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തതുമായ പണം അദ്ദേഹം കണക്കുനോക്കി ശരിയാക്കിവെക്കട്ടെ. അവർ ആ പണം ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ ഏൽപ്പിക്കട്ടെ. അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന തൊഴിലാളികൾക്ക്— മരപ്പണിക്കാർക്കും ശില്പികൾക്കും കൽപ്പണിക്കാർക്കും കൂലികൊടുക്കുകയും ദൈവാലയത്തിലെ പണികൾക്കാവശ്യമായ തടിയും ചെത്തിയകല്ലും വാങ്ങുകയും ചെയ്യട്ടെ. എന്നാൽ അവർ തങ്ങൾ ഏറ്റുവാങ്ങുന്ന ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കേണ്ടതില്ല; കാരണം അവർ വിശ്വസ്തതയോടെയാണ് പ്രവർത്തിക്കുന്നത്.” “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് മഹാപുരോഹിതനായ ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു. അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു; ശാഫാൻ അതു വായിച്ചു.