2 രാജാക്കന്മാർ 22:1-8

2 രാജാക്കന്മാർ 22:1-8 MCV

രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യെദീദാ എന്നായിരുന്നു. അവൾ ബൊസ്കത്തുകാരനായ അദായാവിന്റെ മകൾ ആയിരുന്നു. യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ സകലവഴികളിലും ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല. തന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം യോശിയാരാജാവ് മെശുല്ലാമിന്റെ പൗത്രനായ അസല്യാവിന്റെ മകനും ലേഖകനുമായ ശാഫാനെ യഹോവയുടെ ആലയത്തിലേക്കയച്ചു. അദ്ദേഹം അയാളോടു കൽപ്പിച്ചു: “മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തേക്കു ചെല്ലുക. യഹോവയുടെ ആലയത്തിലേക്കു വന്നതും വാതിൽകാവൽക്കാർ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തതുമായ പണം അദ്ദേഹം കണക്കുനോക്കി ശരിയാക്കിവെക്കട്ടെ. അവർ ആ പണം ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ ഏൽപ്പിക്കട്ടെ. അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന തൊഴിലാളികൾക്ക്— മരപ്പണിക്കാർക്കും ശില്പികൾക്കും കൽപ്പണിക്കാർക്കും കൂലികൊടുക്കുകയും ദൈവാലയത്തിലെ പണികൾക്കാവശ്യമായ തടിയും ചെത്തിയകല്ലും വാങ്ങുകയും ചെയ്യട്ടെ. എന്നാൽ അവർ തങ്ങൾ ഏറ്റുവാങ്ങുന്ന ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കേണ്ടതില്ല; കാരണം അവർ വിശ്വസ്തതയോടെയാണ് പ്രവർത്തിക്കുന്നത്.” “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് മഹാപുരോഹിതനായ ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു. അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു; ശാഫാൻ അതു വായിച്ചു.