2 കൊരിന്ത്യർ 11:1-15
2 കൊരിന്ത്യർ 11:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളാമായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം. ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. ഞാൻ വാക്സാമർഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാ വിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന് എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ? നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്വാൻ ഞാൻ മറ്റു സഭകളെ കവർന്ന് അവരോടു ചെലവിനു വാങ്ങി. നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടുതീർത്തത്. ഞാൻ ഒരു വിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്ക് ആരും ഇല്ലാതാക്കുകയില്ല. അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിനു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. ഇങ്ങനെയുള്ളവർ കള്ളഅപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
2 കൊരിന്ത്യർ 11:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അല്പമായ ഭോഷത്തം നിങ്ങൾ പൊറുക്കണമെന്നു ഞാൻ താത്പര്യപ്പെടുന്നു. അതേ, നിങ്ങൾ എന്നോടു പൊറുക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിർബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തിൽ ആ നിർബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിർമ്മല വധുവായി ഞാൻ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പത്തിന്റെ കൗശലോക്തികളാൽ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂർണവും നിർമ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാൽ നിങ്ങൾ സന്തോഷപൂർവം അതു കേൾക്കുന്നു; അതുപോലെതന്നെ ഞങ്ങളിൽനിന്നു നിങ്ങൾക്കു ലഭിച്ച ആത്മാവിൽനിന്നും സുവിശേഷത്തിൽനിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. “അപ്പോസ്തോലന്മാർ” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാൾ ഞാൻ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല. എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാൻ പരിജ്ഞാനത്തിൽ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങൾ അതു വ്യക്തമാക്കിയിട്ടുമുണ്ട്. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോൾ യാതൊരു പ്രതിഫലവും വേണമെന്നു ഞാൻ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയർത്തുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തി. അത് എന്റെ പേരിൽ ഒരു തെറ്റാണോ? ഞാൻ നിങ്ങളുടെ മധ്യത്തിൽ പ്രസംഗിച്ചപ്പോൾ മറ്റു സഭകളാണ് എന്റെ ചെലവിനുള്ള വക എനിക്കു നല്‌കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ അവരെ ചൂഷണം ചെയ്യുകയായിരുന്നു. ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാൻ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയിൽനിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാൻ ഒരിക്കലും നിങ്ങൾക്കു ഭാരമായിരിക്കുകയില്ല! എന്റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാർഥമായിത്തീരുന്നതിനു ഞാൻ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു. ഞങ്ങൾ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാർക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം തുടർന്നും ചെയ്തുകൊണ്ടിരിക്കും. അവർ യഥാർഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവർത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവർ. അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താൻപോലും പ്രകാശത്തിന്റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ! അതുകൊണ്ട് അവന്റെ ദാസന്മാർ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കിൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം അവസാനം അവർക്കു ലഭിക്കും.
2 കൊരിന്ത്യർ 11:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം. ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു ചിന്തിക്കുന്നു. ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്‌പ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ? നിങ്ങൾക്ക് ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു. ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്ന് വന്ന സഹോദരന്മാർ അത്രേ എന്‍റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാവിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണം എന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെ തന്നെ ചെയ്യും. ക്രിസ്തുവിന്‍റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്‍റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല. അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതാക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും. എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ സാത്താന്‍റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
2 കൊരിന്ത്യർ 11:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ? നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി. നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
2 കൊരിന്ത്യർ 11:1-15 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ. ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു. ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ! ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല. എനിക്ക് പ്രഭാഷണനൈപുണ്യം ഇല്ലെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല. ഇത് ഞങ്ങൾ എല്ലാവിധത്തിലും എപ്പോഴും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുള്ളതാണ്. പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ? നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്. നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും. എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്. എനിക്കു നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു. ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും. അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ. ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ! ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.