2. കൊരിന്ത്യർ 11:1-15

2. കൊരിന്ത്യർ 11:1-15 വേദപുസ്തകം

നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ? നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി. നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.