2 KORINTH 11:1-15

2 KORINTH 11:1-15 MALCLBSI

എന്റെ അല്പമായ ഭോഷത്തം നിങ്ങൾ പൊറുക്കണമെന്നു ഞാൻ താത്പര്യപ്പെടുന്നു. അതേ, നിങ്ങൾ എന്നോടു പൊറുക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിർബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തിൽ ആ നിർബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിർമ്മല വധുവായി ഞാൻ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പത്തിന്റെ കൗശലോക്തികളാൽ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂർണവും നിർമ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാൽ നിങ്ങൾ സന്തോഷപൂർവം അതു കേൾക്കുന്നു; അതുപോലെതന്നെ ഞങ്ങളിൽനിന്നു നിങ്ങൾക്കു ലഭിച്ച ആത്മാവിൽനിന്നും സുവിശേഷത്തിൽനിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. “അപ്പോസ്തോലന്മാർ” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാൾ ഞാൻ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല. എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാൻ പരിജ്ഞാനത്തിൽ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങൾ അതു വ്യക്തമാക്കിയിട്ടുമുണ്ട്. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോൾ യാതൊരു പ്രതിഫലവും വേണമെന്നു ഞാൻ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയർത്തുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തി. അത് എന്റെ പേരിൽ ഒരു തെറ്റാണോ? ഞാൻ നിങ്ങളുടെ മധ്യത്തിൽ പ്രസംഗിച്ചപ്പോൾ മറ്റു സഭകളാണ് എന്റെ ചെലവിനുള്ള വക എനിക്കു നല്‌കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ അവരെ ചൂഷണം ചെയ്യുകയായിരുന്നു. ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാൻ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയിൽനിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാൻ ഒരിക്കലും നിങ്ങൾക്കു ഭാരമായിരിക്കുകയില്ല! എന്റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാർഥമായിത്തീരുന്നതിനു ഞാൻ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു. ഞങ്ങൾ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാർക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം തുടർന്നും ചെയ്തുകൊണ്ടിരിക്കും. അവർ യഥാർഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവർത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവർ. അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താൻപോലും പ്രകാശത്തിന്റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ! അതുകൊണ്ട് അവന്റെ ദാസന്മാർ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കിൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം അവസാനം അവർക്കു ലഭിക്കും.

2 KORINTH 11 വായിക്കുക