2 ദിനവൃത്താന്തം 6:1-42
2 ദിനവൃത്താന്തം 6:1-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു; എങ്കിലും ഞാൻ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവ് തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിനു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്; എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു. അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽമക്കളോട് ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വച്ചിട്ടുണ്ട്. അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലർത്തി; ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ട് താമ്രംകൊണ്ട് ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവസഭയ്ക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിനു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥന കേൾക്കേണ്ടതിനു നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. ഈ സ്ഥലത്തുവച്ച് പ്രാർഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽത്തന്നെ വരുത്തി പ്രതികാരം ചെയ്വാനും നീതിമാന്റെ നീതിക്ക് ഒത്തവണ്ണം അവനു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്റെ മുമ്പാകെ പ്രാർഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ച് നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരിയുകയും ചെയ്താൽ, നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച് അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്ത് ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ, ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും നല്കയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്. നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം- നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർഥിച്ചാൽ നീ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവച്ച്: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥനയ്ക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.
2 ദിനവൃത്താന്തം 6:1-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ പറഞ്ഞു: “താൻ കൂരിരുട്ടിൽ വസിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുണ്ട്. എങ്കിലും അവിടുത്തേക്കു നിത്യമായി പാർക്കാൻ വിശിഷ്ടമായ ഒരു ആലയം ഞാൻ പണിതിരിക്കുന്നു.” അവിടെ കൂടിയിരുന്ന ഇസ്രായേൽജനമെല്ലാം എഴുന്നേറ്റു നില്ക്കയായിരുന്നു. രാജാവ് അവരെ ആശീർവദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തിൽനിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമത്തിൽ ഒരു ആലയം പണിയുവാൻ ഇസ്രായേൽഗോത്രങ്ങളിലെ ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ആരെയും നിയമിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോൾ എന്റെ നാമം നിലനിർത്താൻ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിൽ ഒരു ആലയം പണിയാൻ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ; എന്നാൽ നീ ആലയം പണിയരുത്; നിനക്കു ജനിക്കാൻ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തിൽ ആലയം പണിയുക!’ “സർവേശ്വരൻ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഞാൻ ഉയർത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം നിർമ്മിച്ചുമിരിക്കുന്നു. ഇസ്രായേൽജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.” ശലോമോൻ ഇസ്രായേൽജനസമൂഹത്തിന്റെ സാന്നിധ്യത്തിൽ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പാകെ പ്രാർഥനയ്ക്കായി കൈകൾ ഉയർത്തി. അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തിൽ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോൻ അതിന്റെ മുകളിൽ കയറി സമസ്ത ഇസ്രായേൽജനങ്ങളുടെയും സാന്നിധ്യത്തിൽ മുട്ടുകുത്തി. സ്വർഗത്തേക്കു കൈകൾ ഉയർത്തി പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തേക്കു സമനായി സ്വർഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂർണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു. എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്ന് ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നീ എന്റെ സന്നിധിയിൽ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെ കല്പനകൾ അനുസരിച്ചു ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ പോകുകയില്ല. ഈ വാഗ്ദാനം അവിടുന്നു പാലിക്കണമേ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ യാഥാർഥ്യമാക്കണമേ. “എന്നാൽ ദൈവം മനുഷ്യരോടൊത്തു ഭൂമിയിൽ വസിക്കുമോ? സ്വർഗവും സ്വർഗാധിസ്വർഗവും അവിടുത്തേക്കു വസിക്കാൻ മതിയാകയില്ല. അവയെക്കാൾ എത്ര നിസ്സാരമാണു ഞാൻ പണിത ഈ ദേവാലയം. എങ്കിലും എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാർഥന കേൾക്കണമേ. അവിടുത്തെ മുമ്പിൽ അടിയൻ നടത്തുന്ന നിലവിളിയും പ്രാർഥനയും കൈക്കൊള്ളണമേ. ഈ സ്ഥലത്തുവച്ച് ഈ ദാസൻ നടത്തുന്ന പ്രാർഥന കേൾക്കാൻ തക്കവിധം അവിടുത്തെ ദൃഷ്ടികൾ രാവും പകലും ഈ ആലയത്തിന്റെ നേർക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാർഥനകൾ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ. “ഒരാൾ തന്റെ അയൽക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തിൽ കൊണ്ടുവരികയും അയാൾ ഈ യാഗപീഠത്തിനു മുമ്പാകെ താൻ നിർദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോൾ, അവിടുന്നു സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്കൊത്ത പ്രതിഫലവും നല്കണമേ. “അവിടുത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരെ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളാൽ തോല്പിക്കപ്പെടുകയും അവർ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിൽവച്ച് അവിടുത്തോടു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്ന് സ്വർഗത്തിൽനിന്നു കേൾക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കുമായി നല്കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ. “അവർ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോൾ അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കു നടക്കേണ്ടുന്ന നേരായ മാർഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും അവിടുത്തെ ജനമായ ഇസ്രായേൽ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തിൽ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകൾ നീട്ടി പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികൾക്കനുസരിച്ചു പ്രതിഫലം നല്കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ. അങ്ങനെ അവർ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നല്കിയ ദേശത്ത് പാർക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയിൽ നടക്കുകയും ചെയ്യട്ടെ. “അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവർത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തിൽവന്നു പ്രാർഥിച്ചാൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവന്റെ അപേക്ഷകൾ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാൻ പണിതിരിക്കുന്നതെന്നും അവർ അറിയട്ടെ. “അവിടുത്തെ ജനം അവിടുന്ന് അയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പോകുമ്പോൾ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിച്ചാൽ, അവിടുന്ന് അവരുടെ പ്രാർഥനയും അപേക്ഷകളും സ്വർഗത്തിൽനിന്നു കേട്ട് അവർക്ക് വിജയം നല്കണമേ. “അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കൾ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് അവർ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും ആ പ്രവാസദേശത്ത് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ. “എന്റെ ദൈവമേ, ഇപ്പോൾ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാർഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ. ദൈവമായ സർവേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ. സർവേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാർ അവിടുത്തെ നന്മയിൽ സന്തോഷിക്കുകയും ചെയ്യട്ടെ. സർവേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനിൽനിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓർക്കണമേ.”
2 ദിനവൃത്താന്തം 6:1-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ ശലോമോൻ പറഞ്ഞത്: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിട്ടുണ്ട്. എങ്കിലും ഞാൻ യഹോവക്ക് എന്നേക്കും വസിപ്പാൻ വിശിഷ്ടമായ ഒരു ആലയം പണിതിരിക്കുന്നു.” കൂടിവന്ന യിസ്രായേൽസഭ മുഴുവനും എഴുന്നേറ്റ് നില്ക്കെ രാജാവ് സർവ്വജനത്തെയും അനുഗ്രഹിച്ചു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ” “എന്റെ ജനത്തെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല. എന്നാൽ എന്റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: “എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്; എങ്കിലും ആലയം പണിയേണ്ടത് നീയല്ല; നിനക്കു ജനിക്കാൻ പോകുന്ന മകൻ തന്നെ എന്റെ നാമത്തിനായി ആലയം പണിയും” എന്നു കല്പിച്ചു. ”അങ്ങനെ യഹോവ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ യിസ്രായേൽ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽ മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ ഈ ആലയത്തിൽ വച്ചിട്ടുണ്ട്.” അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നുകൊണ്ട് കൈ മലർത്തി; ശലോമോൻ താമ്രംകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു. “ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം സൂക്ഷ്മതയോടെ നടന്നാൽ, യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല’ എന്നു അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകട്ടെ. “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിനും സ്വർഗ്ഗാധിസ്വർഗ്ഗത്തിനും നിന്നെ ഉൾക്കൊള്ളുവാൻ കഴിയുകയില്ല; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ ഒതുങ്ങുന്നത് എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയും യാചനയും കേൾക്കേണമേ. അടിയന്റെ നിലവിളിയും പ്രാർത്ഥനയും ശ്രദ്ധിക്കേണമേ. തിരുനാമം സ്ഥാപിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിൽ അടിയൻ കഴിക്കുന്ന പ്രാർത്ഥന കേൾക്കുവാൻ രാവും പകലും അവിടുത്തെ ദൃഷ്ടികൾ ഈ ആലയത്തിൻമേൽ ഉണ്ടായിരിക്കേണമേ. ഈ സ്ഥലത്തുവച്ചു പ്രാർത്ഥിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകൾ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. “ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനുമുമ്പാകെ സത്യം ചെയ്യുവാൻ നിർബന്ധിതനായിത്തീരുകയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്ന് കേട്ടു അവൻ ദുഷ്ടനെങ്കിൽ ശിക്ഷ അവന്റെ തലമേൽ വരുത്തി പ്രതികാരം ചെയ്വാനും നീതിമാനെങ്കിൽ നീതിക്കു ഒത്തവണ്ണം അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോട് പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവച്ച് നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോട് പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്ക് തിരിഞ്ഞ് നിന്റെ നാമം ഏറ്റുപറഞ്ഞ് തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും പ്രാർത്ഥിക്കയും ചെയ്താൽ, നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരും നിന്റെ ജനവുമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവർ നടക്കേണ്ട നല്ലവഴി അവരെ ഉപദേശിക്കുകയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ. “ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഉണ്ടായാൽ, ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ തടഞ്ഞുവച്ചാൽ, വല്ല വ്യാധിയോ ദീനമോ ഉണ്ടായാൽ, നിന്റെ ജനമായ യിസ്രായേൽ വ്യക്തികളായോ കൂട്ടമായോ പ്രാർത്ഥനയും യാചനയും കഴിക്കുകയും ഓരോരുത്തൻ താന്താന്റെ ദുരിതത്തിൽ ഈ ആലയത്തിങ്കലേക്കു തിരിഞ്ഞ് കൈ മലർത്തി പ്രാർത്ഥിക്കയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവകാലത്തൊക്കെയും അങ്ങയെ ഭയപ്പെട്ട് അങ്ങേയുടെ വഴികളിൽ നടപ്പാൻ തക്കവണ്ണം, അങ്ങ് ഓരോരുത്തരുടേയും ഹൃദയം അറിയുന്നതിനാൽ ഓരോരുത്തന് അവനവന്റെ പ്രവൃത്തിപോലെ പ്രതിഫലം നല്കുകയും ചെയ്യേണമേ; അങ്ങ് മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്. “അവിടുത്തെ ജനമായ യിസ്രായേലിൽ ഉൾപ്പെടാത്ത അന്യജനത അങ്ങേയുടെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും അറിഞ്ഞ് ദൂരദേശത്തുനിന്നു വന്ന് പ്രാർത്ഥിച്ചാൽ അങ്ങ് അങ്ങേയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജനങ്ങളും യിസ്രായേൽജനത്തേ പോലെ അങ്ങേയുടെ നാമത്തെ അറിഞ്ഞ് അങ്ങയെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അങ്ങയുടെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറിയുകയും ചെയ്യേണ്ടതിന് ആ പരദേശികൾ അങ്ങയോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. അങ്ങ് അങ്ങയുടെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ, അങ്ങ് തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർത്ഥിച്ചാൽ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ. അവർ അങ്ങയോട് പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - അങ്ങ് അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കുകയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്താൽ പ്രവാസദേശത്തുവച്ച് അവർ സുബോധം വന്നിട്ട് തങ്ങളുടെ ഹൃദയത്തിൽനിന്ന്: “ഞങ്ങൾ പാപംചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അങ്ങയോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങിലേക്കു തിരിഞ്ഞ് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും തെരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് അങ്ങ് അവരുടെ പ്രാർത്ഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്ത് അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോൾ എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ. “ആകയാൽ യഹോവയായ ദൈവമേ, അങ്ങും അങ്ങേയുടെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റ് അങ്ങേയുടെ വിശ്രമസ്ഥലത്തേക്ക് വരേണമേ; യഹോവയായ ദൈവമേ, അങ്ങേയുടെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും അങ്ങേയുടെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, അങ്ങേയുടെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; അങ്ങേയുടെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.“
2 ദിനവൃത്താന്തം 6:1-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു; എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയേയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു; എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു. അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു. അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി; ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ, നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു. നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം - നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.
2 ദിനവൃത്താന്തം 6:1-42 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു. എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു. ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു. ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു. “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു. എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ. എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’ “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു. ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.” അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി. അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്, ഈ വിധം പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ! അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു. “ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ എന്റെ നിയമം അനുസരിച്ചു ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ! അതുകൊണ്ട്, യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ! “എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം? എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ! പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചനകൾ കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ! “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ, അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ! “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ, അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കും അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ! “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ. “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രുക്കൾ അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, അയാളുടെ പീഡയും വേദനയും ഓർത്ത് ഈ ആലയത്തിലേക്കു കരങ്ങളുയർത്തി പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! മനുഷ്യരുടെ ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാനും അനുസരിച്ചു ജീവിക്കാനും ഇടയാകുമല്ലോ. “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ! “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ! “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. “ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ! “യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകത്തിലേക്ക്. യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതവൃന്ദം രക്ഷയുടെ വസ്ത്രം അണിയട്ടെ! അങ്ങയുടെ വിശ്വസ്തർ അവിടത്തെ നന്മയിൽ ആഹ്ലാദിക്കട്ടെ! യഹോവയായ ദൈവമേ, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ! അവിടത്തെ ദാസനായ ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട അചഞ്ചലസ്നേഹത്തെ ഓർക്കണമേ!”