2 ദിനവൃത്താന്തം 35:20-27

2 ദിനവൃത്താന്തം 35:20-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോശീയാവ് ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോ; ഫ്രാത്തിനു സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവ് അവന്റെ നേരേ പുറപ്പെട്ടു. എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്ത്? ഞാൻ ഇന്നു നിന്റെ നേരേ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരേയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത് എന്നു പറയിച്ചു. എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്‌വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു. വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽ നിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു. യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 35:20-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം മിസ്രയീമിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്‍റെനേരെ പുറപ്പെട്ടു. എന്നാൽ നെഖോ അവന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്‍റെനേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്‍റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്‍റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്നു പറയിച്ചു. എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു. വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്‍റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവന്‍റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്‍റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്‍റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു. യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. യോശീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്‍റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്‍റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 35:20-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു. എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു. എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്‌വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു. വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു. യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 35:20-27 സമകാലിക മലയാളവിവർത്തനം (MCV)

ഇതെല്ലാംകഴിഞ്ഞ്, യോശിയാവ് ദൈവാലയകാര്യങ്ങളെല്ലാം ക്രമമാക്കിക്കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവായ നെഖോ യൂഫ്രട്ടീസ് നദിയിങ്കലെ കർക്കെമീശിനെതിരേ യുദ്ധംചെയ്യാനെത്തി. അദ്ദേഹത്തെ എതിരിടുന്നതിനായി യോശിയാവു സൈന്യവുമായി പുറപ്പെട്ടു. എന്നാൽ നെഖോ അദ്ദേഹത്തിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “യെഹൂദാരാജാവേ, എനിക്കും അങ്ങേക്കുംതമ്മിൽ എന്തു കലഹം? ഇപ്പോൾ ഞാൻ ആക്രമിക്കുന്നത് അങ്ങയെയല്ല; എനിക്കു യുദ്ധമുള്ള ഗൃഹത്തെമാത്രം. അതു വേഗംചെയ്യാൻ ദൈവമെന്നോടു കൽപ്പിച്ചുമിരിക്കുന്നു. അതിനാൽ എന്നോടുകൂടെയുള്ള ദൈവത്തെ എതിർക്കുന്നതു മതിയാക്കുക. അല്ലെങ്കിൽ അവിടന്ന് അങ്ങയെ നശിപ്പിക്കും.” എങ്കിലും യോശിയാവ് നെഖോയെ വിട്ടു പിന്മാറിയില്ല, എന്നാൽ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പങ്കെടുത്തു. ദൈവകൽപ്പനപ്രകാരം നെഖോ പ്രസ്താവിച്ച കാര്യങ്ങളെ അദ്ദേഹം വകവെച്ചില്ല. മറിച്ച്, മെഗിദ്ദോസമഭൂമിയിൽ നെഖോയുമായി പൊരുതാൻ എത്തി. വില്ലാളികൾ യോശിയാരാജാവിനെ എയ്തു. “എന്നെ ഇവിടെനിന്നു കൊണ്ടുപോകുക! എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു,” എന്ന് അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരോടു പറഞ്ഞു. അതിനാൽ അവർ അദ്ദേഹത്തെ രഥത്തിൽനിന്നിറക്കി; മറ്റൊരു രഥത്തിലേറ്റി ജെറുശലേമിലേക്കു കൊണ്ടുപോന്നു. അവിടെവെച്ച് അദ്ദേഹം മരിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. സകല യെഹൂദയും ജെറുശലേമും അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു. യിരെമ്യാവും യോശിയാവിനുവേണ്ടി ഒരു വിലാപഗീതം രചിച്ചു. സകലപുരുഷന്മാരും സ്ത്രീകളും അടങ്ങിയ സംഗീതജ്ഞർ ഇന്നുവരെയും തങ്ങളുടെ വിലാപങ്ങളിൽ യോശിയാവിനെ അനുസ്മരിക്കുന്നു. ഇസ്രായേലിൽ അതൊരു ചട്ടമായിത്തീർന്നിരിക്കുന്നു. വിലാപങ്ങളിൽ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. യോശിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.