2 ദിന. 35
35
യോശീയാവ് പെസഹ ആചരിക്കുന്നു
1അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്കു ഒരു പെസഹ ആചരിച്ചു. ഒന്നാം മാസം പതിനാലാം തീയതി അവർ പെസഹക്കുഞ്ഞാടിനെ അറുത്തു. 2അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു. 3അവൻ യിസ്രായേൽ ജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്കു വിശുദ്ധരുമായ ലേവ്യരോടു പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക. 4യിസ്രായേൽ രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
5നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നില്ക്കേണം. 6ഇങ്ങനെ നിങ്ങൾ പെസഹ അറുത്ത് നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെമുഖാന്തരം നൽകപ്പെട്ട യഹോവയുടെ അരുളപ്പാടുകൾ നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്വീൻ.”
7യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു. 8അവന്റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹ യാഗങ്ങൾക്കായി രണ്ടായിരത്തറുനൂറു കുഞ്ഞാടുകളെയും മുന്നൂറു കാളകളെയും കൊടുത്തു. 9കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെയീയേലും യോസാബാദും പെസഹ യാഗങ്ങൾക്കായി അയ്യായിരം കുഞ്ഞാടുകളെയും അഞ്ഞൂറു കാളകളെയും ലേവ്യർക്കു കൊടുത്തു.
10ഇങ്ങനെ ശുശ്രൂഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ ഗണം ഗണമായും നിന്നു. 11അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു. 12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്, ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ചു കൊടുക്കുവാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വച്ചു. 13അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു; മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
14പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
15ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു.
16ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ട സകലശുശ്രൂഷയും അന്നു ക്രമത്തിലായി. 17ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു. 18ശമൂവേൽപ്രവാചകന്റെ കാലത്തിന് ശേഷം യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദാജനങ്ങളും യിസ്രായേലും യെരൂശലേം നിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല. 19യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
20യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം മിസ്രയീമിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്റെനേരെ പുറപ്പെട്ടു. 21എന്നാൽ നെഖോ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്റെനേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്നു പറയിച്ചു.
22എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്വാൻ ചെന്നു. 23വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു. 24അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു. 25യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
26യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും 27ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 35: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.