2. ദിനവൃത്താന്തം 35:20-27

2. ദിനവൃത്താന്തം 35:20-27 വേദപുസ്തകം

യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു. എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു. എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്‌വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു. വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു. യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.