2 ദിനവൃത്താന്തം 34:8-19

2 ദിനവൃത്താന്തം 34:8-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു. അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽക്കാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും എല്ലാ യെഹൂദായോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടച്ചിരുന്ന ദ്രവ്യം ഏല്പിച്ചുകൊടുത്തു. അവർ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിനും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വയ്ക്കേണ്ടതിന് ആശാരികൾക്കും പണിക്കാർക്കും തന്നെ. ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു. അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽക്കാവല്ക്കാരും ആയിരുന്നു. അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു. ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചത്: അടിയങ്ങൾക്കു കല്പന തന്നതുപോലെയൊക്കെയും ചെയ്തിരിക്കുന്നു. യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്ത് എടുത്തു വിചാരകന്മാരുടെ കൈയിലും വേലക്കാരുടെ കൈയിലും കൊടുത്തിരിക്കുന്നു. രായസക്കാരനായ ശാഫാൻ രാജാവിനോട്: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കൈയിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി.

2 ദിനവൃത്താന്തം 34:8-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു. വാതിൽകാവല്‌ക്കാരായ ലേവ്യർ ദേവാലയത്തിൽ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്‌ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളിൽനിന്നും ശേഷമുള്ള ഇസ്രായേലിൽനിന്നു യെഹൂദാ, ബെന്യാമീൻ, യെരൂശലേം എന്നിവിടങ്ങളിൽനിന്നും ശേഖരിച്ചതായിരുന്നു. അതു സർവേശ്വരമന്ദിരത്തിന്റെ അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവർ അത് കെട്ടിടങ്ങളുടെ കേടുപാടുകൾ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങൾക്കും ബന്ധങ്ങൾക്കും ആവശ്യമായ തടി എന്നിവ വാങ്ങാൻ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങൾ ജീർണിച്ചുപോയത്. പണിക്കാർ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യർ പണികളുടെ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടു. അവർ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേൽനോട്ടം വഹിച്ചു. ലേവ്യർ വാദ്യോപകരണങ്ങൾ പ്രയോഗിക്കുന്നതിൽ സമർഥരായിരുന്നു. ലേവ്യരിൽ മറ്റു ചിലർ അഭിജ്ഞരായ പകർത്തെഴുത്തുകാരും സേവകന്മാരും വാതിൽകാവല്‌ക്കാരും ആയിരുന്നു. സർവേശ്വരമന്ദിരത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോൾ മോശയിലൂടെ സർവേശ്വരൻ നല്‌കിയിരുന്ന ധർമശാസ്ത്രഗ്രന്ഥം ഹില്‌ക്കീയാപുരോഹിതൻ കണ്ടെത്തി. സർവേശ്വരാലയത്തിൽ താൻ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദർശിയായ ശാഫാനോട് ഹില്‌കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്തിരിക്കുന്നു. സർവേശ്വരമന്ദിരത്തിൽനിന്നു ലഭിച്ച പണം മുഴുവൻ മേൽനോട്ടക്കാർക്കും ജോലിക്കാർക്കും കൊടുത്തിരിക്കുന്നു.” കാര്യദർശിയായ ശാഫാൻ രാജാവിനോടു പറഞ്ഞു: “ഹില്‌കീയാ പുരോഹിതൻ ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചു. അതിലെ വചനങ്ങൾ കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി.

2 ദിനവൃത്താന്തം 34:8-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്‍റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്‍റെ മകൻ കൊട്ടാരം കാര്യസ്ഥനായ യോവാഹിനെയും തന്‍റെ ദൈവമായ യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു. അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെന്നപ്പോൾ, വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും യെഹൂദയോടും ബെന്യാമീനോടും യെരൂശലേം നിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പണം അവരെ ഏല്പിച്ചു. അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. ചെത്തിയ കല്ലും തുലാങ്ങൾക്കുള്ള തടിയും വാങ്ങേണ്ടതിനും യെഹൂദാ രാജാക്കന്മാരുടെ അശ്രദ്ധ മൂലം നശിച്ചുപോയിരുന്ന കെട്ടിടങ്ങൾക്ക് തുലാങ്ങൾ വയ്ക്കേണ്ടതിനും കല്പണിക്കാർക്കും ആശാരിമാർക്കും കൂലി കൊടുക്കണ്ടതിനും തന്നെ. ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ, ചുമട്ടുകാർക്കും പലവിധ വേലചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു. അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്‍റെ കയ്യിൽ കൊടുത്തു. ശാഫാൻ പുസ്തകം രാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചത്: “അടിയങ്ങൾക്കു കല്പന തന്നതുപോലെ എല്ലാം ചെയ്തിരിക്കുന്നു. യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തു വിചാരകന്മാരുടെ കയ്യിലും പണിക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.” കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട്: “ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്‍റെ കയ്യിൽ തന്നിരിക്കുന്നു” എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. ന്യായപ്രമാണത്തിലെ വചനങ്ങൾ കേട്ട രാജാവ് വസ്ത്രം കീറി.

2 ദിനവൃത്താന്തം 34:8-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു. അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലായെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു. അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ. ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെമേൽ വിചാരകന്മാർ ആയിരുന്നു. അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു. അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു. ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചതു: അടിയങ്ങൾക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു. യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു. രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.

2 ദിനവൃത്താന്തം 34:8-19 സമകാലിക മലയാളവിവർത്തനം (MCV)

യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം നാടും ദൈവാലയവും ശുദ്ധീകരിച്ചുകഴിഞ്ഞപ്പോൾ, അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രാജകീയ രേഖാപാലകനും യോവാശിന്റെ മകനുമായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു. അവർ മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തുചെന്ന് ദൈവാലയത്തിൽ കിട്ടിയിരുന്ന പണം അദ്ദേഹത്തെ ഏൽപ്പിച്ചു. ഇത് മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിന്റെ സകലശേഷിപ്പിൽനിന്നും യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലജനങ്ങളിൽനിന്നും ജെറുശലേംനിവാസികളിൽനിന്നും ദ്വാരപാലകരായ ലേവ്യർ ശേഖരിച്ചതായിരുന്നു. യഹോവയുടെ ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ അവർ ആ പണം ഏൽപ്പിച്ചു. അവർ ആ പണം, ആലയം പുനരുദ്ധരിക്കാൻവേണ്ടി പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു വേതനമായി കൊടുത്തു. മുമ്പ് യെഹൂദാരാജാക്കന്മാർ നശിച്ചുപോകുന്നതിന് അനുവദിച്ചിരുന്ന ചെത്തിയകല്ല്, ചെറിയ ചട്ടങ്ങൾക്കുള്ള തടി, കെട്ടിടങ്ങളുടെ തുലാങ്ങൾക്കുവേണ്ടിയുള്ള തടി ഇവ വാങ്ങുന്നതിനായി മരപ്പണിക്കാർക്കും ശില്പികൾക്കും പണം കൊടുത്തു. ജോലിക്കാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; അവർക്കു നിർദേശങ്ങൾ കൊടുക്കുന്നതിനു യഹത്ത്, ഓബദ്യാവ്, മെരാരിയുടെ പിൻഗാമികളായ ലേവ്യരും കെഹാത്തിന്റെ പിൻഗാമികളായ സെഖര്യാവ്, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു. സംഗീതോപകരണങ്ങൾ മീട്ടുന്നതിൽ വിദഗ്ദ്ധരായ ലേവ്യർ ചുമട്ടുകാരുടെ മേൽനോട്ടം വഹിച്ചിരുന്നു. അവർ എല്ലാത്തരം പണികളുടെയും മേൽവിചാരകരുമായിരുന്നു. ലേവ്യരിൽ ചിലർ ലേഖകരും വേദജ്ഞരും വാതിൽകാവൽക്കാരുമായി സേവനം അനുഷ്ഠിച്ചു. യഹോവയുടെ ആലയത്തിനുള്ളിൽ നിക്ഷേപിച്ചിരുന്ന ദ്രവ്യം അവർ പുറത്തേക്ക് എടുത്തുകൊണ്ടിരുന്നപ്പോൾ, മോശമുഖാന്തരം തങ്ങൾക്കു നൽകപ്പെട്ടിരുന്ന യഹോവയുടെ ന്യായപ്രമാണഗ്രന്ഥം ഹിൽക്കിയാപുരോഹിതൻ കണ്ടെത്തി. “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു; അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു. ശാഫാൻ ആ പുസ്തകം രാജാവിന്റെ അടുത്തുകൊണ്ടുവന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “അങ്ങയുടെ സേവകന്മാരെ ഏൽപ്പിച്ചിരിക്കുന്ന ജോലികളെല്ലാം അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം അവർ പുറത്തെടുത്ത് ജോലിക്കാരെയും മേൽവിചാരകന്മാരെയും ഏൽപ്പിച്ചിരിക്കുന്നു.” കാര്യവിചാരകനായ ശാഫാൻ തുടർന്നു രാജാവിനെ അറിയിച്ചു: “പുരോഹിതനായ ഹിൽക്കിയാവ് ദൈവാലയത്തിൽനിന്നും കണ്ടെടുത്ത ഒരു പുസ്തകം എന്നെ ഏൽപ്പിച്ചിരിക്കുന്നു.” ലേഖകനായ ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. രാജാവ് ന്യായപ്രമാണത്തിലെ വാക്കുകൾ കേട്ടിട്ട് വസ്ത്രംകീറി.