2 ദിനവൃത്താന്തം 34:8-19

2 ദിനവൃത്താന്തം 34:8-19 MCV

യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം നാടും ദൈവാലയവും ശുദ്ധീകരിച്ചുകഴിഞ്ഞപ്പോൾ, അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രാജകീയ രേഖാപാലകനും യോവാശിന്റെ മകനുമായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു. അവർ മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തുചെന്ന് ദൈവാലയത്തിൽ കിട്ടിയിരുന്ന പണം അദ്ദേഹത്തെ ഏൽപ്പിച്ചു. ഇത് മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിന്റെ സകലശേഷിപ്പിൽനിന്നും യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലജനങ്ങളിൽനിന്നും ജെറുശലേംനിവാസികളിൽനിന്നും ദ്വാരപാലകരായ ലേവ്യർ ശേഖരിച്ചതായിരുന്നു. യഹോവയുടെ ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ അവർ ആ പണം ഏൽപ്പിച്ചു. അവർ ആ പണം, ആലയം പുനരുദ്ധരിക്കാൻവേണ്ടി പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു വേതനമായി കൊടുത്തു. മുമ്പ് യെഹൂദാരാജാക്കന്മാർ നശിച്ചുപോകുന്നതിന് അനുവദിച്ചിരുന്ന ചെത്തിയകല്ല്, ചെറിയ ചട്ടങ്ങൾക്കുള്ള തടി, കെട്ടിടങ്ങളുടെ തുലാങ്ങൾക്കുവേണ്ടിയുള്ള തടി ഇവ വാങ്ങുന്നതിനായി മരപ്പണിക്കാർക്കും ശില്പികൾക്കും പണം കൊടുത്തു. ജോലിക്കാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; അവർക്കു നിർദേശങ്ങൾ കൊടുക്കുന്നതിനു യഹത്ത്, ഓബദ്യാവ്, മെരാരിയുടെ പിൻഗാമികളായ ലേവ്യരും കെഹാത്തിന്റെ പിൻഗാമികളായ സെഖര്യാവ്, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു. സംഗീതോപകരണങ്ങൾ മീട്ടുന്നതിൽ വിദഗ്ദ്ധരായ ലേവ്യർ ചുമട്ടുകാരുടെ മേൽനോട്ടം വഹിച്ചിരുന്നു. അവർ എല്ലാത്തരം പണികളുടെയും മേൽവിചാരകരുമായിരുന്നു. ലേവ്യരിൽ ചിലർ ലേഖകരും വേദജ്ഞരും വാതിൽകാവൽക്കാരുമായി സേവനം അനുഷ്ഠിച്ചു. യഹോവയുടെ ആലയത്തിനുള്ളിൽ നിക്ഷേപിച്ചിരുന്ന ദ്രവ്യം അവർ പുറത്തേക്ക് എടുത്തുകൊണ്ടിരുന്നപ്പോൾ, മോശമുഖാന്തരം തങ്ങൾക്കു നൽകപ്പെട്ടിരുന്ന യഹോവയുടെ ന്യായപ്രമാണഗ്രന്ഥം ഹിൽക്കിയാപുരോഹിതൻ കണ്ടെത്തി. “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു; അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു. ശാഫാൻ ആ പുസ്തകം രാജാവിന്റെ അടുത്തുകൊണ്ടുവന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “അങ്ങയുടെ സേവകന്മാരെ ഏൽപ്പിച്ചിരിക്കുന്ന ജോലികളെല്ലാം അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം അവർ പുറത്തെടുത്ത് ജോലിക്കാരെയും മേൽവിചാരകന്മാരെയും ഏൽപ്പിച്ചിരിക്കുന്നു.” കാര്യവിചാരകനായ ശാഫാൻ തുടർന്നു രാജാവിനെ അറിയിച്ചു: “പുരോഹിതനായ ഹിൽക്കിയാവ് ദൈവാലയത്തിൽനിന്നും കണ്ടെടുത്ത ഒരു പുസ്തകം എന്നെ ഏൽപ്പിച്ചിരിക്കുന്നു.” ലേഖകനായ ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. രാജാവ് ന്യായപ്രമാണത്തിലെ വാക്കുകൾ കേട്ടിട്ട് വസ്ത്രംകീറി.