2 CHRONICLE 34:8-19

2 CHRONICLE 34:8-19 MALCLBSI

തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു. വാതിൽകാവല്‌ക്കാരായ ലേവ്യർ ദേവാലയത്തിൽ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്‌ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളിൽനിന്നും ശേഷമുള്ള ഇസ്രായേലിൽനിന്നു യെഹൂദാ, ബെന്യാമീൻ, യെരൂശലേം എന്നിവിടങ്ങളിൽനിന്നും ശേഖരിച്ചതായിരുന്നു. അതു സർവേശ്വരമന്ദിരത്തിന്റെ അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവർ അത് കെട്ടിടങ്ങളുടെ കേടുപാടുകൾ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങൾക്കും ബന്ധങ്ങൾക്കും ആവശ്യമായ തടി എന്നിവ വാങ്ങാൻ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങൾ ജീർണിച്ചുപോയത്. പണിക്കാർ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യർ പണികളുടെ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടു. അവർ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേൽനോട്ടം വഹിച്ചു. ലേവ്യർ വാദ്യോപകരണങ്ങൾ പ്രയോഗിക്കുന്നതിൽ സമർഥരായിരുന്നു. ലേവ്യരിൽ മറ്റു ചിലർ അഭിജ്ഞരായ പകർത്തെഴുത്തുകാരും സേവകന്മാരും വാതിൽകാവല്‌ക്കാരും ആയിരുന്നു. സർവേശ്വരമന്ദിരത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോൾ മോശയിലൂടെ സർവേശ്വരൻ നല്‌കിയിരുന്ന ധർമശാസ്ത്രഗ്രന്ഥം ഹില്‌ക്കീയാപുരോഹിതൻ കണ്ടെത്തി. സർവേശ്വരാലയത്തിൽ താൻ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദർശിയായ ശാഫാനോട് ഹില്‌കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്തിരിക്കുന്നു. സർവേശ്വരമന്ദിരത്തിൽനിന്നു ലഭിച്ച പണം മുഴുവൻ മേൽനോട്ടക്കാർക്കും ജോലിക്കാർക്കും കൊടുത്തിരിക്കുന്നു.” കാര്യദർശിയായ ശാഫാൻ രാജാവിനോടു പറഞ്ഞു: “ഹില്‌കീയാ പുരോഹിതൻ ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചു. അതിലെ വചനങ്ങൾ കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി.

2 CHRONICLE 34 വായിക്കുക