2 ദിനവൃത്താന്തം 20:5-12
2 ദിനവൃത്താന്തം 20:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദായുടെയും യെരൂശലേമിന്റെയും സഭാമധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകല രാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനർഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു- നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു. യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്ക് ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടൂ എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
2 ദിനവൃത്താന്തം 20:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വര ആലയത്തിലെ പുതിയ അങ്കണത്തിൽ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പിൽ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരാ, അവിടുന്നു സ്വർഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആർക്കും എതിർത്തു നില്‌ക്കാൻ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്. ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികൾക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ. അവർ അവിടെ പാർത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു. അവർ പറഞ്ഞു: ‘യുദ്ധം, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർഥങ്ങൾ ഞങ്ങളെ നേരിടുമ്പോൾ ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിൽ അവിടുത്തെ സന്നിധിയിൽ വന്നു ഞങ്ങളുടെ കഷ്ടതയിൽ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാർഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ.’ ഇസ്രായേൽജനം ഈജിപ്തിൽനിന്നു വന്നപ്പോൾ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാൻ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യർ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി. അതിനുള്ള പ്രതിഫലമായി ഇതാ, അവർ അവിടുന്നു ഞങ്ങൾക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാൻ വന്നിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേൽ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങൾ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.”
2 ദിനവൃത്താന്തം 20:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജനതകളുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ നീക്കിക്കളഞ്ഞ് അത് നിന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിക്ക് ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ‘ന്യായവിധിയുടെ വാൾ, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർത്ഥങ്ങൾ ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്ന് - നിന്‍റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ ഞങ്ങളുടെ സങ്കടത്തിൽ നിന്നോട് നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും’ എന്നു പറഞ്ഞു. ആ ദേശത്ത് തിരുനാമത്തിനുവേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു. യിസ്രായേൽജനം മിസ്രയീമിൽ നിന്ന് വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കുകയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു.”
2 ദിനവൃത്താന്തം 20:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു. യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
2 ദിനവൃത്താന്തം 20:5-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’ “എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”