യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’ “എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”
2 ദിനവൃത്താന്തം 20 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 20
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 20:5-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ