1 ശമൂവേൽ 25:26-34
1 ശമൂവേൽ 25:26-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു.
1 ശമൂവേൽ 25:26-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രക്തച്ചൊരിച്ചിലിനും പ്രതികാരത്തിനും ഇടവരുത്താതെ അങ്ങയെ തടഞ്ഞത് സർവേശ്വരനാണ്. അങ്ങയുടെ നാമത്തിലും ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിലും ഞാൻ സത്യം ചെയ്തു പറയുന്നു: അങ്ങയുടെ ശത്രുക്കളും അങ്ങയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ; പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച സ്വീകരിച്ച് അങ്ങയുടെ അനുചരരായ യുവാക്കൾക്കു നല്‌കിയാലും. ഈ ദാസിയുടെ അപരാധം ക്ഷമിച്ചാലും; സർവേശ്വരൻ നിശ്ചയമായും അങ്ങേക്ക് ഒരു ശാശ്വതഭവനം പണിയും. സർവേശ്വരനു വേണ്ടിയാണല്ലോ അങ്ങു യുദ്ധം ചെയ്യുന്നത്. ജീവിതകാലത്ത് ഒരിക്കലും അങ്ങയിൽ ഒരു തിന്മയും കാണുകയില്ല. ആരെങ്കിലും അങ്ങയെ പിന്തുടർന്നു കൊല്ലാൻ ശ്രമിച്ചാൽ നിധി എന്നപോലെ ദൈവമായ സർവേശ്വരൻ അങ്ങയുടെ പ്രാണൻ കാത്തുകൊള്ളും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ പ്രാണനെയാകട്ടെ സർവേശ്വരൻ കവിണയിൽ നിന്നെന്നപോലെ എറിഞ്ഞുകളയും. സർവേശ്വരൻ അങ്ങയോടു വാഗ്ദാനം ചെയ്തിരുന്ന സകല അനുഗ്രഹങ്ങളും നിറവേറ്റി അങ്ങയെ ഇസ്രായേലിന്റെ പ്രഭുവാക്കും. അപ്പോൾ കാരണം കൂടാതെ രക്തം ചിന്തിയെന്നോ പ്രതികാരം ചെയ്തു എന്നോ അങ്ങേക്കു മനോവ്യഥയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകുകയില്ല; അവിടുന്നു അങ്ങയെ അനുഗ്രഹിക്കുമ്പോൾ ഈ ദാസിയെ മറക്കരുതേ.” ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നിന്റെ വിവേകം സ്തുത്യർഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാൻ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്. നിനക്കു ദോഷം വരുത്താതിരിക്കാൻ എന്നെ തടഞ്ഞ ഇസ്രായേലിന്റെ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു, നീ തിടുക്കത്തിൽ എന്നെ എതിരേല്‌ക്കാൻ വന്നില്ലായിരുന്നെങ്കിൽ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.”
1 ശമൂവേൽ 25:26-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്‍റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്‍റെ ബാല്യക്കാർക്ക് ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്‍റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിനു പ്രഭുവാക്കി വെയ്ക്കുമ്പോൾ കാരണംകൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ.” ദാവീദ് അബീഗയിലിനോട് പറഞ്ഞത്: “എന്നെ എതിരേൽക്കുവാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ. നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.”
1 ശമൂവേൽ 25:26-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കു ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വെക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
1 ശമൂവേൽ 25:26-34 സമകാലിക മലയാളവിവർത്തനം (MCV)
ഇന്ന് യഹോവ രക്തപാതകത്തിൽനിന്നും സ്വന്തം കൈകൾകൊണ്ടുള്ള പകപോക്കലിൽനിന്നും ജീവനുള്ള ദൈവമായ യഹോവയാണെ, അങ്ങാണെ, എന്റെ യജമാനനെ തടഞ്ഞിരിക്കുന്നു. അങ്ങയുടെ ശത്രുക്കളും എന്റെ യജമാനനു ദ്രോഹം നിരൂപിക്കുന്ന ഏവരും ആ നാബാലിനെപ്പോലെ ആയിത്തീരട്ടെ! അങ്ങയുടെ ഈ ദാസി എന്റെ യജമാനനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ചകൾ അങ്ങയുടെ അനുയായികൾക്കു നൽകിയാലും. “ദയതോന്നി അങ്ങയുടെ ഈ ദാസിയുടെ കുറ്റം ക്ഷമിക്കണമേ. യഹോവ എന്റെ യജമാനനുവേണ്ടി ശാശ്വതമായൊരു ഭവനം പണിയും. യഹോവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളാണല്ലോ അങ്ങ് നടത്തുന്നത്. അങ്ങു ജീവനോടിരിക്കുന്ന കാലത്തൊരിക്കലും ഒരു കുറ്റകൃത്യം അങ്ങയിൽ കാണാൻ ഇടവരാതിരിക്കട്ടെ. അങ്ങയുടെ ജീവൻ അപഹരിക്കാനായി ഏതെങ്കിലും ഒരുവൻ അങ്ങയെ പിൻതുടർന്നുകൊണ്ടിരുന്നാലും, എന്റെ യജമാനന്റെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ ഭദ്രമായി കെട്ടപ്പെട്ടിരിക്കും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ ജീവനോ, കവിണത്തടത്തിലെ കല്ലുപോലെ യഹോവ ചുഴറ്റിയെറിഞ്ഞുകളയും. യഹോവ എന്റെ യജമാനനായ അങ്ങേക്കുവേണ്ടി വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളെല്ലാം ചെയ്തുതന്ന് അങ്ങയെ ഇസ്രായേലിനു നായകനായി അവരോധിക്കുമ്പോൾ, അകാരണമായി രക്തം ചിന്തിയതുകൊണ്ടോ സ്വന്തം കൈയാൽ പകപോക്കിയതുകൊണ്ടോ ഉള്ള മനസ്സാക്ഷിക്കുത്തലും വ്യഥാഭാരവും യജമാനന് ഉണ്ടാകുകയുമില്ല. യഹോവ എന്റെ യജമാനനു വിജയം നൽകുമ്പോൾ ഈ എളിയ ദാസിയെയും ഓർത്തുകൊള്ളണമേ!” ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ എതിരേൽക്കാനായി ഇന്നു നിന്നെ അയച്ച, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം! നിന്റെ വിവേകം സ്തുത്യർഹംതന്നെ. രക്തപാതകവും സ്വന്തം കൈകൊണ്ടു പ്രതികാരവും ചെയ്യാതെ എന്നെ ഇന്നു തടഞ്ഞ നിന്റെ പ്രവൃത്തിയും പ്രശംസനീയംതന്നെ. അതിനാൽ നീ അനുഗൃഹീതയായിരിക്കട്ടെ! നിന്നോടു ദ്രോഹം പ്രവർത്തിക്കുന്നതിൽനിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, നീ എന്നെ എതിരേൽക്കാൻ തിടുക്കത്തിൽ വന്നില്ലായിരുന്നെങ്കിൽ നാളത്തെ പുലരിയിൽ നാബാലിന്റെ വംശത്തിൽപ്പെട്ട ഒരൊറ്റ പുരുഷപ്രജപോലും ജീവനോടെ ശേഷിക്കുമായിരുന്നില്ല.”