1 ശമുവേൽ 25:26-34

1 ശമുവേൽ 25:26-34 MCV

ഇന്ന് യഹോവ രക്തപാതകത്തിൽനിന്നും സ്വന്തം കൈകൾകൊണ്ടുള്ള പകപോക്കലിൽനിന്നും ജീവനുള്ള ദൈവമായ യഹോവയാണെ, അങ്ങാണെ, എന്റെ യജമാനനെ തടഞ്ഞിരിക്കുന്നു. അങ്ങയുടെ ശത്രുക്കളും എന്റെ യജമാനനു ദ്രോഹം നിരൂപിക്കുന്ന ഏവരും ആ നാബാലിനെപ്പോലെ ആയിത്തീരട്ടെ! അങ്ങയുടെ ഈ ദാസി എന്റെ യജമാനനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ചകൾ അങ്ങയുടെ അനുയായികൾക്കു നൽകിയാലും. “ദയതോന്നി അങ്ങയുടെ ഈ ദാസിയുടെ കുറ്റം ക്ഷമിക്കണമേ. യഹോവ എന്റെ യജമാനനുവേണ്ടി ശാശ്വതമായൊരു ഭവനം പണിയും. യഹോവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളാണല്ലോ അങ്ങ് നടത്തുന്നത്. അങ്ങു ജീവനോടിരിക്കുന്ന കാലത്തൊരിക്കലും ഒരു കുറ്റകൃത്യം അങ്ങയിൽ കാണാൻ ഇടവരാതിരിക്കട്ടെ. അങ്ങയുടെ ജീവൻ അപഹരിക്കാനായി ഏതെങ്കിലും ഒരുവൻ അങ്ങയെ പിൻതുടർന്നുകൊണ്ടിരുന്നാലും, എന്റെ യജമാനന്റെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ ഭദ്രമായി കെട്ടപ്പെട്ടിരിക്കും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ ജീവനോ, കവിണത്തടത്തിലെ കല്ലുപോലെ യഹോവ ചുഴറ്റിയെറിഞ്ഞുകളയും. യഹോവ എന്റെ യജമാനനായ അങ്ങേക്കുവേണ്ടി വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളെല്ലാം ചെയ്തുതന്ന് അങ്ങയെ ഇസ്രായേലിനു നായകനായി അവരോധിക്കുമ്പോൾ, അകാരണമായി രക്തം ചിന്തിയതുകൊണ്ടോ സ്വന്തം കൈയാൽ പകപോക്കിയതുകൊണ്ടോ ഉള്ള മനസ്സാക്ഷിക്കുത്തലും വ്യഥാഭാരവും യജമാനന് ഉണ്ടാകുകയുമില്ല. യഹോവ എന്റെ യജമാനനു വിജയം നൽകുമ്പോൾ ഈ എളിയ ദാസിയെയും ഓർത്തുകൊള്ളണമേ!” ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ എതിരേൽക്കാനായി ഇന്നു നിന്നെ അയച്ച, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം! നിന്റെ വിവേകം സ്തുത്യർഹംതന്നെ. രക്തപാതകവും സ്വന്തം കൈകൊണ്ടു പ്രതികാരവും ചെയ്യാതെ എന്നെ ഇന്നു തടഞ്ഞ നിന്റെ പ്രവൃത്തിയും പ്രശംസനീയംതന്നെ. അതിനാൽ നീ അനുഗൃഹീതയായിരിക്കട്ടെ! നിന്നോടു ദ്രോഹം പ്രവർത്തിക്കുന്നതിൽനിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, നീ എന്നെ എതിരേൽക്കാൻ തിടുക്കത്തിൽ വന്നില്ലായിരുന്നെങ്കിൽ നാളത്തെ പുലരിയിൽ നാബാലിന്റെ വംശത്തിൽപ്പെട്ട ഒരൊറ്റ പുരുഷപ്രജപോലും ജീവനോടെ ശേഷിക്കുമായിരുന്നില്ല.”