1. ശമൂവേൽ 25:26-34

1. ശമൂവേൽ 25:26-34 വേദപുസ്തകം

ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കു ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വെക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.