1 ശമൂവേൽ 22:3-23
1 ശമൂവേൽ 22:3-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ദാവീദ് അവിടം വിട്ട് മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്രാജാവിനോട്: ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാർപ്പാൻ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചു. അവൻ അവരെ മോവാബ്രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുർഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു. എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: ദുർഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു. ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്ന് ശൗൽ കേട്ടു; അന്ന് ശൗൽ കൈയിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു. ശൗൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞത്: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് സഖ്യത ചെയ്തത് എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ച് എനിക്ക് അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു. അവൻ അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു, അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്ന് ഉത്തരം പറഞ്ഞു. ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു. അപ്പോൾ ശൗൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്ന് അവൻ ഉത്തരം പറഞ്ഞു. ശൗൽ അവനോട്: യിശ്ശായിയുടെ മകൻ ഇന്ന് എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന് അപ്പവും വാളും കൊടുക്കയും അവനുവേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു. അഹീമേലെക് രാജാവിനോട്: തിരുമനസ്സിലെ സകല ഭൃത്യന്മാരിലുംവച്ച് ദാവീദിനോളം വിശ്വസ്തൻ ആരുള്ളൂ? അവൻ രാജാവിന്റെ മരുമകനും അവിടുത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ. അവനുവേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയത്? അങ്ങനെയല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ രാജാവ്: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു. പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല. അപ്പോൾ രാജാവ് ദോവേഗിനോട്: നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചു പേരെ അന്നു കൊന്നുകളഞ്ഞു. പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു. എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി. ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു. ദാവീദ് അബ്യാഥാരിനോട്: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൗലിനോട് അറിയിക്കും എന്നു ഞാൻ അന്നു തന്നെ നിശ്ചയിച്ചു. നിന്റെ പിതൃഭവനത്തിനൊക്കെയും ഞാൻ മരണത്തിനു കാരണമായല്ലോ. എന്റെ അടുക്കൽ പാർക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിർഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
1 ശമൂവേൽ 22:3-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പായിലേക്കു പോയി; മോവാബ്രാജാവിനോട് അദ്ദേഹം അപേക്ഷിച്ചു: “ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ അങ്ങയുടെ അടുക്കൽ പാർക്കാൻ അനുവദിക്കുമാറാകണം.” അദ്ദേഹം അവരെ മോവാബ്രാജാവിന്റെ അടുക്കൽ പാർപ്പിച്ചു. ദാവീദ് ഗുഹയിൽ ഒളിച്ചുപാർത്തകാലം മുഴുവൻ അവർ അവിടെ ആയിരുന്നു. പ്രവാചകനായ ഗാദ് ദാവീദിനോട് പറഞ്ഞു: “ഇനിയും ഗുഹയിൽ പാർക്കാതെ യെഹൂദ്യയിലേക്കു പോകുക;” അങ്ങനെ ദാവീദ് ഹേരെത്ത് വനത്തിലേക്കു പോയി. ദാവീദിനെയും കൂട്ടരെയും കണ്ടെത്തിയിരിക്കുന്നതായി ശൗൽ കേട്ടു; ഒരു ദിവസം ശൗൽ ഗിബെയായിലെ കുന്നിന്റെ മുകളിലുള്ള പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുന്തവുമായി ഇരിക്കുകയായിരുന്നു; ഭൃത്യന്മാരെല്ലാം ചുറ്റും നിന്നിരുന്നു. ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീൻഗോത്രക്കാരേ, കേൾക്കുവിൻ, യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാം വയലുകളും മുന്തിരിത്തോട്ടങ്ങളും നല്കുമോ? നിങ്ങളെ സഹസ്രാധിപന്മാരോ ശതാധിപന്മാരോ ആയി നിയമിക്കുമോ? അതുകൊണ്ടാണോ നിങ്ങൾ എനിക്കെതിരായി ഗൂഢാലോചന നടത്തിയത്? എന്റെ പുത്രൻ യിശ്ശായിയുടെ പുത്രനുമായി സഖ്യം ഉണ്ടാക്കിയ വിവരം നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല; അവൻ എന്റെ ദാസനായ ദാവീദിനെ എനിക്ക് എതിരായി തിരിച്ചുവിടുകയും പതിയിരിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ട് നിങ്ങളിൽ ഒരാൾ പോലും അക്കാര്യം എന്നോടു പറയുകയോ എന്നെപ്പറ്റി സങ്കടം തോന്നുകയോ ചെയ്തില്ല.” അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ് പറഞ്ഞു: “യിശ്ശായിയുടെ പുത്രൻ നോബിൽ അഹീതൂബിന്റെ പുത്രനായ അഹീമേലെക്കിന്റെ അടുക്കൽ വന്നതു ഞാൻ കണ്ടു. അഹീമേലെക്ക് അവനുവേണ്ടി സർവേശ്വരനോടു തിരുവിഷ്ടം അപേക്ഷിക്കുകയും അവനു ഭക്ഷണവും ഫെലിസ്ത്യനായ ഗോല്യാത്തിന്റെ വാളും കൊടുക്കുകയും ചെയ്തു.” രാജാവ് അഹീതൂബിന്റെ പുത്രനായ അഹീമേലെക്ക് പുരോഹിതനെയും അയാളുടെ കുടുംബക്കാരായ എല്ലാവരെയും നോബിലെ സകല പുരോഹിതന്മാരെയും ആളയച്ചുവരുത്തി. ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക.” അവൻ പ്രതിവചിച്ചു: “പ്രഭോ, പറഞ്ഞാലും” ശൗൽ ചോദിച്ചു: “നീയും യിശ്ശായിയുടെ പുത്രനും കൂടി എനിക്കെതിരായി ഗൂഢാലോചന നടത്തിയത് എന്ത്? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി ദൈവഹിതം അന്വേഷിക്കുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ അവൻ ഇന്ന് എനിക്കെതിരെ എഴുന്നേല്ക്കുകയും പതിയിരിക്കുകയും ചെയ്യുന്നത്?” അഹീമേലെക്ക് പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെക്കാൾ വിശ്വസ്തനായി മറ്റാരുണ്ട്? അവൻ അങ്ങയുടെ മരുമകനും അംഗരക്ഷകപ്രമാണിയും കൊട്ടാരത്തിൽ ബഹുമാന്യനുമല്ലേ? അവനുവേണ്ടി ദൈവഹിതം ആരായുന്നത് ഇപ്പോൾ ആദ്യമല്ലല്ലോ. അങ്ങ് അടിയന്റെമേലും കുടുംബത്തിന്റെമേലും കുറ്റം ആരോപിക്കരുതേ. അടിയൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.” രാജാവു പറഞ്ഞു: “അഹീമേലെക്കേ! നീ തീർച്ചയായും മരിക്കണം; നീ മാത്രമല്ല നിന്റെ കുടുംബാംഗങ്ങളും.” രാജാവ് അടുത്തുനിന്ന അംഗരക്ഷകരോടു പറഞ്ഞു: “സർവേശ്വരന്റെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുവിൻ. ഇവർ ദാവീദിന്റെ വശത്തു ചേർന്നിരിക്കുന്നു; അവൻ ഒളിച്ചോടിയ വിവരം അറിഞ്ഞിട്ടും ഇവർ എന്നെ അറിയിച്ചില്ല.” എന്നാൽ രാജഭൃത്യന്മാർ സർവേശ്വരന്റെ പുരോഹിതന്മാരെ കൊല്ലാൻ സന്നദ്ധരായില്ല. അപ്പോൾ രാജാവ് ദോവേഗിനോട് ആ പുരോഹിതന്മാരെ കൊല്ലാൻ കല്പിച്ചു. എദോമ്യനായ ദോവേഗ് അവരെ കൊന്നു. ലിനൻകൊണ്ടുള്ള ഏഫോദു ധരിച്ചിരുന്ന എൺപത്തഞ്ചു പുരോഹിതന്മാരെ അവൻ അന്നു വധിച്ചു. പുരോഹിതന്മാരുടെ നഗരമായ നോബ്, ദോവേഗ് നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സ്ത്രീപുരുഷന്മാർ, കുഞ്ഞുകുട്ടികൾ, കഴുതകൾ, ആടുമാടുകൾ എന്നിങ്ങനെ സർവവും അവൻ വാളിനിരയാക്കി. എന്നാൽ അഹീതൂബിന്റെ പൗത്രനും അഹീമേലെക്കിന്റെ പുത്രനുമായ അബ്യാഥാർ രക്ഷപെട്ട് ഓടി ദാവീദിന്റെ അടുക്കൽ എത്തി. ശൗൽ സർവേശ്വരന്റെ പുരോഹിതന്മാരെ വധിച്ച വിവരം അവൻ ദാവീദിനെ അറിയിച്ചു. ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു ശൗലിനെ വിവരമറിയിക്കും എന്ന് അന്നുതന്നെ എനിക്കറിയാമായിരുന്നു; നിന്റെ കുടുംബാംഗങ്ങളുടെ എല്ലാം മരണത്തിനു കാരണക്കാരൻ ഞാൻതന്നെയാണ്. നീ ഭയപ്പെടേണ്ടാ, എന്റെ കൂടെ പാർക്കുക. എന്നെ കൊല്ലാൻ ശ്രമിക്കുന്നവനാണു നിന്നെയും കൊല്ലാൻ നോക്കുന്നത്. നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും.”
1 ശമൂവേൽ 22:3-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പയിൽ ചെന്നു. മോവാബ് രാജാവിനോട്: “ദൈവം എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയുന്നത് വരെ എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു താമസിക്കുവാൻ അനുവദിക്കേണം” എന്നു അപേക്ഷിച്ചു. അവൻ അവരെ മോവാബ്രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ഗുഹയിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു. എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി. ദാവീദിനെയും കൂടെയുള്ളവരെയും കണ്ടെത്തി എന്നു ശൗല് കേട്ടു. അന്ന് ശൗല് കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു. ശൗല് തന്റെ ചുറ്റും നില്ക്കുന്ന ഭൃത്യന്മാരോട് പറഞ്ഞത്: “ബെന്യാമീന്യരേ, കേട്ടുകൊള്ളുവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാവർക്കും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? നിങ്ങൾ എല്ലാവരും എനിക്കെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് ഉടമ്പടി ചെയ്തത് എന്നെ ആരും അറിയിച്ചില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കെതിരായി തിരിക്കുകയും പതിയിരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തത് നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല. അതിൽ നിങ്ങൾക്ക് ഒരു മനസ്താപവുമില്ല.” അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോവേഗ്: “നോബിൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു. അഹീമേലെക്ക് അവന് വേണ്ടി യഹോവയോട് അരുളപ്പാട് ചോദിച്ചു. അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു” എന്നുത്തരം പറഞ്ഞു. ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു. അപ്പോൾ ശൗല്: “അഹീതൂബിന്റെ മകനേ, കേൾക്കുക” എന്നു കല്പിച്ചു. “തിരുമേനീ, അടിയൻ” എന്നു അവൻ ഉത്തരം പറഞ്ഞു. ശൗല് അവനോട്: “യിശ്ശായിയുടെ മകന് നീ അപ്പവും വാളും കൊടുക്കുകയും, അവന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇന്ന് അവൻ എനിക്കായി പതിയിരിക്കുവാൻ തക്കവണ്ണം നീയും അവനും എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത്?” എന്നു ചോദിച്ചു. അഹീമേലെക്ക് രാജാവിനോട്: “തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്റെ മരുമകനും, അങ്ങേയുടെ ആലോചനയിൽ ചേരുന്നവനും, രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ. അവന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആദ്യമല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഈകാര്യത്തെപറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല” എന്നുത്തരം പറഞ്ഞു. അപ്പോൾ രാജാവ്: “അഹീമേലെക്കേ, നീ നിശ്ചയമായി മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും മരിക്കണം” എന്നു കല്പിച്ചു. പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോട് ചേർന്നിരിക്കുന്നു; ദാവീദ് ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല. അപ്പോൾ രാജാവ് ദോവേഗിനോട്: “നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. ഏദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചു പേരെ അന്ന് കൊന്നുകളഞ്ഞു. പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു. എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുവൻ രക്ഷപ്പെട്ട് ദാവീദിന്റെ അടുക്കൽ ഓടിപ്പോയി. ശൗല് യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു. ദാവീദ് അബ്യാഥാരിനോട്: “ഏദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൗലിനോട് അറിയിക്കും എന്നു ഞാൻ അന്ന് തന്നെ നിശ്ചയിച്ചു. നിന്റെ പിതൃഭവനത്തിലുള്ള സകലരുടെയും മരണത്തിന് ഞാൻ കാരണമായല്ലോ. എന്റെ അടുക്കൽ താമസിക്കുക; ഭയപ്പെടേണ്ടാ; എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നീ സുരക്ഷിതനായിരിക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ 22:3-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ് രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാർപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു. അവൻ അവരെ മോവാബ് രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുർഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു. എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുർഗ്ഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽ വന്നു. ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൗൽ കേട്ടു; അന്നു ശൗൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു. ശൗൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു. അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു. ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക്പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു. അപ്പോൾ ശൗൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു. ശൗൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു. അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ. അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു. പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല. അപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു. പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു. എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി. ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു. ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൗലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു. നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കൽ പാർക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിർഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
1 ശമൂവേൽ 22:3-23 സമകാലിക മലയാളവിവർത്തനം (MCV)
അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു. അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു. എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു. ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു. ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?” അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു. അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.” ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി. അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!” “തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?” അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ? അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ! അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.” എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു. അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല. അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു. പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി. എന്നാൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ ഒരു മകൻ, അബ്യാഥാർ തെറ്റിയൊഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്ക് ഓടിപ്പോയി. യഹോവയുടെ പുരോഹിതന്മാരെ ശൗൽ കൊന്നു എന്ന വസ്തുത അബ്യാഥാർ ദാവീദിനോടു പറഞ്ഞു. അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “അന്ന് ഏദോമ്യനായ ദോയേഗ് അവിടെ ഉണ്ടായിരുന്നു; അവൻ തീർച്ചയായും ശൗലിനോട് ഈ വിവരം പറയുമെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ പിതാവിന്റെ കുടുംബത്തിന്റെയെല്ലാം മരണത്തിനു ഞാൻ കാരണക്കാരനായല്ലോ. എന്നോടുകൂടെ പാർക്കുക! ഭയപ്പെടേണ്ട! എന്റെ പ്രാണനെ വേട്ടയാടുന്നവർ നിനക്കും ജീവഹാനി വരുത്താൻ നോക്കുന്നു. എങ്കിലും നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും!”