1 ശമൂവേൽ 22
22
1അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്റെ അടുക്കൽ ചെന്നു. 2ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്‍ടിയില്ലാത്തവർ എന്നീ വകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറു പേർ ഉണ്ടായിരുന്നു.
3അനന്തരം ദാവീദ് അവിടം വിട്ട് മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്‍രാജാവിനോട്: ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാർപ്പാൻ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചു. 4അവൻ അവരെ മോവാബ്‍രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുർഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു. 5എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: ദുർഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു.
6ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്ന് ശൗൽ കേട്ടു; അന്ന് ശൗൽ കൈയിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു. 7ശൗൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞത്: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? 8നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് സഖ്യത ചെയ്തത് എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ച് എനിക്ക് അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ. 9അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു. 10അവൻ അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു, അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്ന് ഉത്തരം പറഞ്ഞു. 11ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു. 12അപ്പോൾ ശൗൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്ന് അവൻ ഉത്തരം പറഞ്ഞു. 13ശൗൽ അവനോട്: യിശ്ശായിയുടെ മകൻ ഇന്ന് എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന് അപ്പവും വാളും കൊടുക്കയും അവനുവേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു. 14അഹീമേലെക് രാജാവിനോട്: തിരുമനസ്സിലെ സകല ഭൃത്യന്മാരിലുംവച്ച് ദാവീദിനോളം വിശ്വസ്തൻ ആരുള്ളൂ? അവൻ രാജാവിന്റെ മരുമകനും അവിടുത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ. 15അവനുവേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയത്? അങ്ങനെയല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്ന് ഉത്തരം പറഞ്ഞു. 16അപ്പോൾ രാജാവ്: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു. 17പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല. 18അപ്പോൾ രാജാവ് ദോവേഗിനോട്: നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചു പേരെ അന്നു കൊന്നുകളഞ്ഞു. 19പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു. 20എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി. 21ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു. 22ദാവീദ് അബ്യാഥാരിനോട്: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൗലിനോട് അറിയിക്കും എന്നു ഞാൻ അന്നു തന്നെ നിശ്ചയിച്ചു. 23നിന്റെ പിതൃഭവനത്തിനൊക്കെയും ഞാൻ മരണത്തിനു കാരണമായല്ലോ. എന്റെ അടുക്കൽ പാർക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിർഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമൂവേൽ 22: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.