1 ശമുവേൽ 22
22
ദാവീദ് അദുല്ലാംഗുഹയിലും മിസ്പായിലും
1അങ്ങനെ ദാവീദ് ഗത്ത് വിട്ടോടി അദുല്ലാം ഗുഹയിൽ അഭയംതേടി. അദ്ദേഹത്തിന്റെ സഹോദരന്മാരും പിതൃഭവനവും എല്ലാം ഇതു കേട്ട് അവിടെയെത്തി. 2ഞെരുക്കമുള്ളവർ, കടബാധ്യതയുള്ളവർ, അസന്തുഷ്ടർ എന്നിങ്ങനെയുള്ളവരെല്ലാം ദാവീദിന്റെ ചുറ്റും ഒത്തുചേർന്നു. അദ്ദേഹം അവർക്കു നേതാവുമായി. അങ്ങനെ ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം വന്നുകൂടി.
3അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു. 4അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു.
5എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു.
ശൗൽ നോബിലെ പുരോഹിതന്മാരെ വധിക്കുന്നു
6ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു. 7ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? 8അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?”
9അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു. 10അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.”
11ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി. 12അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!”
“തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
13ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?”
14അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ?#22:14 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ! 15അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.”
16എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു.
17അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു.
എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല.
18അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു. 19പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി.
20എന്നാൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ ഒരു മകൻ, അബ്യാഥാർ തെറ്റിയൊഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്ക് ഓടിപ്പോയി. 21യഹോവയുടെ പുരോഹിതന്മാരെ ശൗൽ കൊന്നു എന്ന വസ്തുത അബ്യാഥാർ ദാവീദിനോടു പറഞ്ഞു. 22അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “അന്ന് ഏദോമ്യനായ ദോയേഗ് അവിടെ ഉണ്ടായിരുന്നു; അവൻ തീർച്ചയായും ശൗലിനോട് ഈ വിവരം പറയുമെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ പിതാവിന്റെ കുടുംബത്തിന്റെയെല്ലാം മരണത്തിനു ഞാൻ കാരണക്കാരനായല്ലോ. 23എന്നോടുകൂടെ പാർക്കുക! ഭയപ്പെടേണ്ട! എന്റെ പ്രാണനെ വേട്ടയാടുന്നവർ നിനക്കും ജീവഹാനി വരുത്താൻ നോക്കുന്നു. എങ്കിലും നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും!”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമുവേൽ 22: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.