1 ശമൂവേൽ 2:12-36
1 ശമൂവേൽ 2:12-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് അവനോടു പറഞ്ഞാൽ അവൻ അവനോട്: അല്ല, ഇപ്പോൾതന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവനു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നത് എന്ത് ? ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും. എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാൻ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാൻ സ്ഥിരമായൊരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനുമായിട്ട് അവനെ കുമ്പിട്ട്: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്ന് അപേക്ഷിക്കും.
1 ശമൂവേൽ 2:12-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏലിയുടെ പുത്രന്മാർ ദുർവൃത്തരും സർവേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു. യാഗവസ്തുക്കളിൽ പുരോഹിതന്മാർക്ക് ജനത്തിൽനിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങൾ അവർ പാലിച്ചില്ല. യാഗം കഴിക്കുമ്പോൾ പുരോഹിതന്റെ ഭൃത്യൻ, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തിൽ മുപ്പല്ലി കുത്തിയിറക്കും. അതിൽ കിട്ടുന്ന മാംസം മുഴുവൻ പുരോഹിതൻ എടുക്കും. യാഗാർപ്പണത്തിനുവേണ്ടി ശീലോവിൽ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവർ ഇപ്രകാരം പ്രവർത്തിച്ചിരുന്നു. കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്റെ ഭൃത്യൻ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതൻ സ്വീകരിക്കുകയില്ല” എന്നു പറയും. “ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമർപ്പിക്കുന്നവൻ പറഞ്ഞാൽ, “അങ്ങനെയല്ല ഇപ്പോൾത്തന്നെ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു ഭൃത്യൻ പറയും. ഏലിയുടെ പുത്രന്മാരുടെ പാപം സർവേശ്വരന്റെ ദൃഷ്‍ടിയിൽ ഗുരുതരമായിരുന്നു. അത്രയ്‍ക്ക് അനാദരവാണ് സർവേശ്വരനുള്ള വഴിപാടിനോട് അവർ കാട്ടിയത്. ബാലനായ ശമൂവേൽ സർവേശ്വരന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. അവൻ ചണനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു. വർഷംതോറും അവന്റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാർഷികബലി അർപ്പിക്കാൻ ഭർത്താവിനോടൊത്തു പോകുമ്പോൾ അവനു കൊടുക്കുമായിരുന്നു. “സർവേശ്വരനു സമർപ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്‌കട്ടെ” എന്ന് ഏലി എല്‌ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവർ വീട്ടിലേക്കു മടങ്ങും. സർവേശ്വരൻ ഹന്നായെ അനുഗ്രഹിച്ചു; അവൾ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേൽ സർവേശ്വരസന്നിധിയിൽ വളർന്നു. ഏലി വൃദ്ധനായി; തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്റെ വാതില്‌ക്കൽ ശുശ്രൂഷ ചെയ്യുന്ന സ്‍ത്രീകളോടൊത്ത് അവർ ശയിക്കുന്ന വിവരവും അറിഞ്ഞു. ഏലി അവരോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാൻ കേട്ടിരിക്കുന്നു. എന്റെ മക്കളേ, മേലാൽ നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേൾക്കുന്ന കാര്യങ്ങൾ ഒട്ടും നല്ലതല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരുവൻ സർവേശ്വരനോടു പാപം ചെയ്താൽ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സർവേശ്വരൻ അവരെ നശിപ്പിക്കാൻ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്റെ ഉപദേശം അവർ ശ്രദ്ധിച്ചില്ല. ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു. ഒരു ദൈവമനുഷ്യൻ ഏലിയുടെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനക്കാർ ഈജിപ്തിൽ ഫറവോയുടെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിരുന്നു. എന്റെ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാനും ധൂപാർപ്പണം നടത്താനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളിൽനിന്നുമായി അവനെ മാത്രം എന്റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേൽജനം ഹോമയാഗമായി അർപ്പിച്ചതെല്ലാം ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. എന്നിട്ടും എന്റെ ജനത്തിൽനിന്നു ഞാൻ ആവശ്യപ്പെടുന്ന യാഗങ്ങളെയും വഴിപാടുകളെയും നീ നിന്ദിക്കുന്നതെന്ത്? എന്റെ ജനം എനിക്കർപ്പിക്കുന്ന യാഗങ്ങളുടെ വിശിഷ്ടഭാഗം തിന്നു കൊഴുത്തിരിക്കുന്ന നീ എന്നെക്കാൾ നിന്റെ പുത്രന്മാരെ മാനിക്കുന്നത് എന്ത്? അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും ഭവനം എന്റെ സന്നിധിയിൽ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാൻ ആദരിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിക്കപ്പെടും. നിന്റെ കുടുംബത്തിൽ ഒരാളും വാർധക്യത്തിലെത്താൻ ഇടയാകാത്തവിധം നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി ഞാൻ ക്ഷയിപ്പിക്കുന്ന ദിവസം ആസന്നമായിരിക്കുന്നു. ഇസ്രായേൽജനത്തിലെ മറ്റുള്ളവർക്കു ഞാൻ നല്‌കുന്ന അനുഗ്രഹങ്ങൾ കണ്ട് നിങ്ങൾ അസ്വസ്ഥരും അസൂയാലുക്കളുമാകും; വാർധക്യത്തിലെത്തിയ ഒരാളും നിന്റെ ഭവനത്തിൽ ഉണ്ടായിരിക്കുകയില്ല. എങ്കിലും എന്റെ യാഗപീഠത്തിൽ ശുശ്രൂഷിക്കുന്നതിനു നിങ്ങളിൽ ഒരുവനെ ജീവനോടെ ഞാൻ കാത്തുസൂക്ഷിക്കും; കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണു കലങ്ങുന്നതിനും ഹൃദയം ഉരുകുന്നതിനും ഇടയാക്കും. നിന്റെ സന്താനങ്ങളെല്ലാം യൗവനത്തിൽ മരിക്കും; നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ മരിക്കും; അതു നിനക്ക് ഒരു അടയാളമായിരിക്കും. എന്റെ ഹൃദയാഭിലാഷം അനുസരിച്ചു പ്രവർത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന്റെ കുടുംബം ഞാൻ നിലനിർത്തും. എന്റെ അഭിഷിക്തന്റെ സന്നിധിയിൽ അവൻ നിത്യവും ശുശ്രൂഷ ചെയ്യും. നിന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി അവന്റെ മുമ്പിൽ കുമ്പിടും; ഒരു കഷണം അപ്പം ലഭിക്കാൻ എന്നെക്കൂടെ പുരോഹിതവൃത്തിക്കു ചേർക്കണമേ എന്ന് അവർ കെഞ്ചും.”
1 ശമൂവേൽ 2:12-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്‍റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സ് ദഹിപ്പിക്കും മുമ്പെ പുരോഹിതന്‍റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല” എന്നു പറയും. “മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക” എന്നു യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: “അല്ല, ഇപ്പോൾ തന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പറയും. ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. ശമുവേലിന്‍റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്‍റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും. എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി. യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു. ഏലി വൃദ്ധനായി. അവന്‍റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു. അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും?” എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്‍റെ വാക്ക് അനുസരിച്ചില്ല. ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി. എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്ക് പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽ മക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്‍റെ പിതൃഭവനത്തിന് കൊടുത്തു. തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിന്? എന്‍റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയും ചെയ്യുന്നത് എന്ത്? “അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്‍റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിനു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ല. നിന്‍റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്‍റെ കണ്ണ് ക്ഷീണിപ്പിക്കുവാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരാളെ എന്‍റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും. നിന്‍റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നെ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും; “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്‍റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും. നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽവന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.”
1 ശമൂവേൽ 2:12-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. അവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു. തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു? ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽ തന്നേ മരിക്കും. എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
1 ശമൂവേൽ 2:12-36 സമകാലിക മലയാളവിവർത്തനം (MCV)
ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു. അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും; ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്. മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും. “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.” ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു. എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു. ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി. യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു. അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു. ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ? എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി. എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’ “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു! ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല. കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും. “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും. എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും. അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”