1 ശമൂവേൽ 2
2
1അനന്തരം ഹന്നാ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ:
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു;
എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു;
നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
നീ അല്ലാതെ ഒരുത്തനുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
3ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്;
നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്.
യഹോവ ജ്ഞാനമുള്ള ദൈവം;
അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
4വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു;
ഇടറിയവരോ ബലം ധരിക്കുന്നു.
5സമ്പന്നർ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു;
പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു.
6യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.
7യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു;
അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു;
അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും
മഹിമാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു.
9തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു;
സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
10യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു;
അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു;
തന്റെ രാജാവിനു ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു.
11പിന്നെ എല്ക്കാനാ രാമായിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.
12എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. 13ഈ പുരോഹിതന്മാർ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ 14കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. 15മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്നു പറയും. 16മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് അവനോടു പറഞ്ഞാൽ അവൻ അവനോട്: അല്ല, ഇപ്പോൾതന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും. 17ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
18ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. 19അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവനു കൊണ്ടുവന്നു കൊടുക്കും. 20എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. 21യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
22ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. 23അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. 24അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. 25മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. 26ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
27അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. 28എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. 29തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നത് എന്ത് ? 30ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. 31നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. 32യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. 33നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. 34നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും. 35എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാൻ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാൻ സ്ഥിരമായൊരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. 36നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനുമായിട്ട് അവനെ കുമ്പിട്ട്: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്ന് അപേക്ഷിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമൂവേൽ 2: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.