ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു. അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും; ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്. മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും. “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.” ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു. എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു. ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി. യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു. അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു. ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ? എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി. എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’ “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു! ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല. കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും. “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും. എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും. അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”
1 ശമുവേൽ 2 വായിക്കുക
കേൾക്കുക 1 ശമുവേൽ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 2:12-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ