1 ശമൂവേൽ 2:1-26
1 ശമൂവേൽ 2:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഹന്നാ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു. സമ്പന്നർ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു. യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു. യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല. യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു; അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു. പിന്നെ എല്ക്കാനാ രാമായിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു. എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് അവനോടു പറഞ്ഞാൽ അവൻ അവനോട്: അല്ല, ഇപ്പോൾതന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവനു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
1 ശമൂവേൽ 2:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹന്നാ ഇങ്ങനെ പ്രാർഥിച്ചു: എന്റെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കുന്നു എന്റെ ശിരസ്സ് അവിടുന്ന് ഉയർത്തിയിരിക്കുന്നു എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാൽ അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു. സർവേശ്വരനെപ്പോലെ പരിശുദ്ധൻ മറ്റാരുമില്ല; അവിടുത്തെപ്പോലെ വേറാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല. ഗർവോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ നാവിൽനിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ; കാരണം, സർവേശ്വരൻ സർവജ്ഞനായ ദൈവം; അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. സുഭിക്ഷതയിൽ കഴിഞ്ഞിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു; വിശന്നിരുന്നവർ സംതൃപ്തരായിത്തീരുന്നു; വന്ധ്യ ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു. സർവേശ്വരൻ ജീവൻ എടുക്കുകയും ജീവൻ നല്‌കുകയും ചെയ്യുന്നു. പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദാരിദ്ര്യവും സമ്പന്നതയും സർവേശ്വരനാണു നല്‌കുന്നത്. താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ. അവിടുന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു, അഗതിയെ കുപ്പയിൽനിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാർക്കൊപ്പം ഇരുത്താനും അവർക്കു മാന്യസ്ഥാനങ്ങൾ നല്‌കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സർവേശ്വരൻറേത്; ഭൂമിയെ അതിന്മേൽ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു. തന്റെ വിശ്വസ്തരുടെ കാലടികൾ അവിടുന്നു കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ തള്ളപ്പെടുന്നു; കാരണം സ്വന്തശക്തിയാൽ ഒരുവനും പ്രബലനാകുകയില്ല. സർവേശ്വരനോടു മത്സരിക്കുന്നവർ തകർന്നു തരിപ്പണമാകുന്നു; അവർക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു. സർവേശ്വരൻ ലോകത്തെ മുഴുവൻ ന്യായംവിധിക്കുന്നു; തന്റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയരുമാറാക്കുന്നു. പിന്നീട് എല്‌ക്കാനാ രാമായിലുള്ള സ്വഭവനത്തിലേക്കു മടങ്ങിപ്പോയി; ബാലനായ ശമൂവേൽ പുരോഹിതനായ ഏലിയോടൊത്തു സർവേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. ഏലിയുടെ പുത്രന്മാർ ദുർവൃത്തരും സർവേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു. യാഗവസ്തുക്കളിൽ പുരോഹിതന്മാർക്ക് ജനത്തിൽനിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങൾ അവർ പാലിച്ചില്ല. യാഗം കഴിക്കുമ്പോൾ പുരോഹിതന്റെ ഭൃത്യൻ, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തിൽ മുപ്പല്ലി കുത്തിയിറക്കും. അതിൽ കിട്ടുന്ന മാംസം മുഴുവൻ പുരോഹിതൻ എടുക്കും. യാഗാർപ്പണത്തിനുവേണ്ടി ശീലോവിൽ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവർ ഇപ്രകാരം പ്രവർത്തിച്ചിരുന്നു. കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്റെ ഭൃത്യൻ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതൻ സ്വീകരിക്കുകയില്ല” എന്നു പറയും. “ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമർപ്പിക്കുന്നവൻ പറഞ്ഞാൽ, “അങ്ങനെയല്ല ഇപ്പോൾത്തന്നെ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു ഭൃത്യൻ പറയും. ഏലിയുടെ പുത്രന്മാരുടെ പാപം സർവേശ്വരന്റെ ദൃഷ്‍ടിയിൽ ഗുരുതരമായിരുന്നു. അത്രയ്‍ക്ക് അനാദരവാണ് സർവേശ്വരനുള്ള വഴിപാടിനോട് അവർ കാട്ടിയത്. ബാലനായ ശമൂവേൽ സർവേശ്വരന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. അവൻ ചണനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു. വർഷംതോറും അവന്റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാർഷികബലി അർപ്പിക്കാൻ ഭർത്താവിനോടൊത്തു പോകുമ്പോൾ അവനു കൊടുക്കുമായിരുന്നു. “സർവേശ്വരനു സമർപ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്‌കട്ടെ” എന്ന് ഏലി എല്‌ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവർ വീട്ടിലേക്കു മടങ്ങും. സർവേശ്വരൻ ഹന്നായെ അനുഗ്രഹിച്ചു; അവൾ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേൽ സർവേശ്വരസന്നിധിയിൽ വളർന്നു. ഏലി വൃദ്ധനായി; തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്റെ വാതില്‌ക്കൽ ശുശ്രൂഷ ചെയ്യുന്ന സ്‍ത്രീകളോടൊത്ത് അവർ ശയിക്കുന്ന വിവരവും അറിഞ്ഞു. ഏലി അവരോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാൻ കേട്ടിരിക്കുന്നു. എന്റെ മക്കളേ, മേലാൽ നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേൾക്കുന്ന കാര്യങ്ങൾ ഒട്ടും നല്ലതല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരുവൻ സർവേശ്വരനോടു പാപം ചെയ്താൽ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സർവേശ്വരൻ അവരെ നശിപ്പിക്കാൻ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്റെ ഉപദേശം അവർ ശ്രദ്ധിച്ചില്ല. ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു.
1 ശമൂവേൽ 2:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു: “എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്; ഞാൻ എന്‍റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു; യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; അങ്ങല്ലാതെ മറ്റാരുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. അഹങ്കാരത്തോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്. യഹോവ സർവ്വജ്ഞാനമുള്ള ദൈവം; അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു. വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ബലഹീനർ ശക്തി പ്രാപിക്കുന്നു. മുൻകാലത്ത് സമ്പന്നരായിരുന്നവർ ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; അനേകം മക്കൾ ഉള്ളവൾക്കു ആരും ആശ്രയമില്ലാതാകുന്നു. യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് എഴുന്നേല്പിക്കുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നെ. ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു. തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു; സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല. യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; അവിടുന്ന് ആകാശത്തുനിന്നു അവരുടെ മേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു; തന്‍റെ രാജാവിന് ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു.” പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തുവന്നു. എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്‍റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സ് ദഹിപ്പിക്കും മുമ്പെ പുരോഹിതന്‍റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല” എന്നു പറയും. “മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക” എന്നു യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: “അല്ല, ഇപ്പോൾ തന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പറയും. ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. ശമുവേലിന്‍റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്‍റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും. എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി. യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു. ഏലി വൃദ്ധനായി. അവന്‍റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു. അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും?” എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്‍റെ വാക്ക് അനുസരിച്ചില്ല. ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
1 ശമൂവേൽ 2:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു. വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു. സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു. യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു. യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല. യഹോവയോടു എതിർക്കുന്നവൻ തകർന്നു പോകുന്നു; അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു. പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു. എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാല്ക്കാരേണ എടുക്കും എന്നു പറയും. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. അവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
1 ശമൂവേൽ 2:1-26 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു. എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു, കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു. “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല; അങ്ങയെപ്പോലെ വേറാരുമില്ല! നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല. “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്! നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ! കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു; അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു. “വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി; കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു. സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു; എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു. വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു; എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു. “യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു. ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ; താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ. അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു. “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്; അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു. തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു, എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു. “ശക്തിയാൽ ആരും ജയിക്കുന്നില്ല; യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു. പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു; യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു. “അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു.” തുടർന്ന് എൽക്കാനാ രാമായിലുള്ള തന്റെ ഭവനത്തിലേക്കു പോയി. ബാലനായ ശമുവേലോ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു. ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു. അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും; ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്. മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും. “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.” ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു. എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു. ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി. യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു. അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു. ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു.